പെരിയ കൊലക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു,​ മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികൾ

Friday 03 December 2021 7:44 PM IST

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.മുൻ ഉദുമ എം.എൽ.എയും കാസർകോ‌ട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

കൊലപാതകം, ഗൂഡാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം നൽകിയത്.

പെരിയ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു. ശരത് ലാലിന് യുവാക്കൾക്കിടയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. പീതാംബരനെ ശരത് ലാൽ മർദ്ദിച്ചതിന് ശേഷമാണ് ഗൂഡാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്നതാണ് കുഞ്ഞിരാമനെതിരെ നിലവില്‍ സി.ബി.ഐ ചുമത്തിയിരിക്കുന്ന കുറ്റം. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെടെ രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍

2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ കൊല്ലപ്പെട്ട യുവാക്കളഉടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Advertisement
Advertisement