എത്രകാലം സർക്കാർ ഉദ്യോഗസ്ഥർ ശമ്പളമില്ലാതെ ജോലി ചെയ്യും,​ ഇതോ പുതിയ പാകിസ്ഥാൻ,​ ഇമ്രാൻ ഖാനെ പരിഹസിച്ച് പാക് എംബസിയുടെ ട്വീറ്റ്

Friday 03 December 2021 8:36 PM IST

ഇസ്ലാമാബാദ്: പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് പാക് എംബസിയുടെ ഔദ്യോഗിക ട്വിറ്റർ പേജ്. സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇമ്രാൻഖാന് പരിഹസിച്ച് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. .

പണപ്പെരുപ്പം മുന്‍കാല റെക്കോഡുകള്‍ തകര്‍ക്കുമ്പോള്‍, എത്രകാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിശ്ശബ്ദത പാലിച്ച് നിങ്ങള്‍ക്കായി ജോലി ചെയ്യുന്നത് തുടരുമെന്ന് ഇമ്രാന്‍ ഖാനോട് ട്വീറ്റില്‍ ചോദിച്ചു. മൂന്നുമാസമായി ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും ഫീസ് അടയ്ക്കാത്തതിനാല്‍ കുട്ടികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയെന്നും ട്വീറ്റില്‍ പറയുന്നു. . ഇതാണോ പുതിയ പാകിസ്ഥാൻ (നയാ പാകിസ്താന്‍) എന്ന ഹാഷ് ടാഗും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

'പരിഭ്രാന്തരാകേണ്ട' എന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നതിനോട് ചേര്‍ത്താണ് പാരഡി വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. 'എന്നോട് ക്ഷമിക്കൂ ഇമ്രാന്‍ ഖാന്‍. എനിക്ക് മറ്റൊരു മാര്‍ഗവുമില്ലാഞ്ഞിട്ടാണ്' എന്നൊരു ട്വീറ്റും ഇതേ അക്കൗണ്ടില്‍നിന്നുണ്ട്.

എന്നാല്‍ ഇതിന് പിന്നാലെ ഈ ട്വീറ്റുകളും വീഡിയോയും നീക്കം ചെയ്യപ്പെട്ടു. സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്ന ട്വീറ്റ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സമയത്ത് പോസ്റ്റ് ചെയ്ത മെസേജുകള്‍ സെര്‍ബിയയിലെ പാകിസ്ഥാൻ എംബസിയുടേതല്ലെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.