തെറ്റ് ചെയ്തവർക്കെതിരെ മത്സരിക്കാനാണ് തീരുമാനം,​ അത് പലരെയും അസ്വസ്ഥപ്പെടുത്തും; താരസംഘടനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ

Saturday 04 December 2021 9:57 AM IST

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ"യ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകൻ. ഡിസംബർ 19ന് നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. എന്നാൽ,​ തന്റെ നോമിനേഷനെ പിന്തുണയ്‌ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലർ ഭീഷണിപ്പെടുത്തിയതായിട്ടാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അമ്മയ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി ഷമ്മിയെത്തിയിരിക്കുന്നത്.

'പ്രിയമുള്ളവരെ, മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന, തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും ശരി ചെയ്താൽ ശരിയെന്നും അംഗീകരിക്കുന്ന, ഇന്ത്യൻ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂർണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാൻ.

താര സംഘടനയായ 'അമ്മ'യിൽ ഡിസംബർ 19ന് നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഞാനും നോമിനേഷൻ നൽകി ഇന്ന്..! മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് നേരിട്ട ചില അനുഭവങ്ങൾ വെളിവാക്കുന്നു..! ഒപ്പം, 'അദ്ഭുതങ്ങൾ' അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനിൽ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് 'ചിലർ' ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്‌ക്കായി ഞാൻ സമീപിച്ചപ്പോൾ എന്റെ സ്‌നേഹിതരായ ചില അംഗങ്ങൾ ദുഃഖത്തോടെ വെളിപ്പെടുത്തി. ചില 'വേണ്ടപ്പെട്ടവർ' ഒന്നും പറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലർ ഒഴിവുകഴിവുകൾ പറഞ്ഞു. 'കമ്പിളിപ്പുതപ്പ്...കമ്പിളിപ്പുതപ്പ്...' എന്നു പുലമ്പി ചിലർ. മറ്റുചിലർ ''ഷമ്മി, എന്നെ ഓർത്തല്ലോ'' എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു. എന്നാൽ, എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്‌നേഹിതർ പിന്തുണ നൽകി , ഞാൻ നോമിനേഷൻ സമർപ്പിച്ചു.

'ജനാധിപത്യ ബോധം' എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓർമ്മിപ്പിക്കാൻ മാത്രമാണ് ഞാൻ നോമിനേഷൻ സമർപ്പിക്കുന്നത്. ആരു 'തള്ളി'യാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..! ആരോടും പരിഭവമില്ല..! പിണക്കവുമില്ല..!! ഒരു സംശയം മാത്രം..,

മനുഷ്യനെ കണ്ടവരുണ്ടോ...?

ഇരുകാലി മൃഗമുണ്ട്..,

ഇടയന്മാർ മേയ്ക്കാനുണ്ട്...,

ഇടയ്ക്കു മാലാഖയുണ്ട്...,

ചെകുത്താനുമുണ്ട്...!!!

മനുഷ്യനെ മാത്രമിന്നും, മരുന്നിനും കാണാനില്ല..!!

മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ..?" ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

മലയാള സിനിമതാരങ്ങളുടെ സംഘടനയായ 'അമ്മ"യ്‌ക്കെതിരെ അടുത്ത കാലത്തായി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. യുവനടിക്കെതിരെയുണ്ടായ അതിക്രമങ്ങളെ തുടർന്നാണ് അമ്മയിലെ പ്രശ്‌നങ്ങൾ കൂടുതലായി പൊതുജനങ്ങൾ അറിഞ്ഞു തുടങ്ങിയത്. പ്രതി ചേർത്ത നടനൊപ്പമാണ് സംഘടന എന്ന് പല പ്രമുഖ താരങ്ങളും തുറന്നു പറഞ്ഞിരുന്നു. ഇതിനിടിയിൽ പല താരങ്ങളും സംഘടന വിട്ടുപോവുകയും ചെയ്‌തിരുന്നു. നിലവിൽ മോഹൻലാലാണ് സംഘടനയുടെ പ്രസിഡന്റ്.