സൂപ്പർ സ്‌റ്റാറോ സംവിധായകനോ അല്ല, ലാലുവും അദ്ദേഹത്തിന്റെ പ്രിയനും: ഷൂട്ടിംഗ് സമയത്തെ അപൂർവ നിമിഷങ്ങളുടെ വീഡിയോ

Saturday 04 December 2021 12:17 PM IST

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുകയാണ്. റിലീസിന് മുൻപ് തന്നെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനം ആണ് സിനിമ നേടിയത്. ഏകദേശം നാല് പതിറ്റാണ്ടായി തുടരുന്ന മേഹൻലാൽ പ്രിയദർശൻ സൗഹൃദത്തിന്റെ മറ്റൊരു വിജയ ചിത്രം കൂടെയാണ് മരക്കാർ.

1984 ൽ പുറത്ത് വന്ന പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ ആണ് പ്രിയദർശൻ മോഹൻലാൽ കോംബോ ആരംഭിക്കുന്നത്. പിന്നീട് വന്ന നിരവധി സിനിമകളിൽ ഈ കോംബോക്ക് വലിയ വിജയമാണ് നേടാൻ കഴിഞ്ഞത്. ഒരു സുഹൃത്ത് എന്ന നിലയിൽ മോഹൻലാലിനെ വളരെ നന്നായി മനസിലാക്കിയതിന് ശേഷം സിനിമ രംഗത്തേക്ക് അദ്ദേഹത്തെ ഉപയോഗിച്ചതാണ് ഇതിന് പിന്നിലെ വിജയ രഹസ്യം.

മോഹൻലാൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത് നടക്കുന്ന കാലത്ത് തന്നെ ഇദ്ദേഹം വില്ലൻ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങേണ്ട ആളല്ലെന്നും പകരം നായിക കഥാപാത്രങ്ങളിൽ ശോഭിക്കേണ്ട ആളാണെന്നും താൻ മനസിലാക്കിയിരുന്നതായി പ്രിയദർശൻ പലപ്പോഴായി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ഉൾപ്പെടെയുള്ള ലാലിന്റെ സുഹൃത്തുക്കൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അദ്ദേഹത്തിനോട് സംസാരിക്കാൻ ആണ്. കാരണം വർഷങ്ങൾക്ക് മുൻപ് തന്നെ ലാലിന്റെ തമാശ അവതരിപ്പിക്കാനുള്ള കഴിവ് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നത് കൊണ്ടാണ് അത്. ഒരു നായക കഥാപാത്രത്തിന് ഏറ്റവും അധികം ബുദ്ധിമുട്ടുള്ള കാര്യം തമാശ അവതരിപ്പിക്കാനാണ് അത് അനായസം ചെയ്യാൻ കഴിയുന്ന ലാൽ നായകനായി ഉയരുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പ്രിയദർശൻ പറഞ്ഞു.

ഇത്തരത്തിൽ മോഹൻലാൽ എന്ന വ്യക്തിയിലെ നടനെ കൃത്യമായി തിരിച്ചറിഞ്ഞത് കൊണ്ടാണ് ഈ കൂട്ടുകെട്ടിൽ നിരവധി മികച്ച ചിത്രങ്ങളുണ്ടായത്. ചിത്രം, മിന്നാരം, അക്കരെ അക്കരെ അക്കരെ, കാലാപാനി മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കിലുക്കം, തേൻമാവിൻകൊമ്പത്ത് തുടങ്ങിയവയൊക്കെ ഇവയിൽ ചിലത് മാത്രം. ഇപ്പോഴിതാ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരുക്കുന്നത് പ്രിയദർശനും മോഹൻലാലും ഒരുമിച്ചുള്ള മരക്കാർ ലോക്കേഷനിലെ ചിത്രങ്ങളാണ്. പ്രിയദർശനോട് മേഹൻലാൽ സംസാരിക്കുന്നതും, കൈകൾ ചേർത്ത് പിടിച്ച് നടക്കുന്നതും എല്ലാം ചിത്രത്തിൽ കാണാം. കാലങ്ങൾക്ക് അപ്പുറവും ആ സൗഹൃദം കൂടുതൽ ദൃഢമായി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണത്. ഇത് തന്നെയാണ് മരക്കാർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലും.

Advertisement
Advertisement