ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ; രാജ്യത്തെ മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചത് ഗുജറാത്തിൽ

Saturday 04 December 2021 4:01 PM IST

ഗാന്ധിനഗർ: ഇന്ത്യയിൽ മൂന്നാമത്തെ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ സിംബാബ്‌വേയിൽ നിന്നെത്തിയ അൻപതുവയസുകാരനിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു ഇയാൾ ജാംനഗറിൽ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൂണെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ നടത്തിയ ജനിതക ശ്രേണീകരണത്തിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ നിരീക്ഷണത്തിനായി മാറ്റി.

കർണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. അറുപത്തിയാറും നാൽപ്പത്തിയാറും വയസുള്ള രണ്ട് പുരുഷൻമാരിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ നാൽപ്പത്തിയാറുകാരൻ ബംഗളൂരു സ്വദേശിയായ ഡോക്ടറാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഇദ്ദേഹം പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.

ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെയാൾ ദക്ഷിണാഫ്രിക്കൻ പൗരനാണ്. അറുപത്തിയാറുകാരനായ ഇയാൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. എന്നാൽ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈനിന് നിർദേശിക്കപ്പെട്ട ഇയാൾ ഒരാഴ്ചയ്ക്ക് ശേഷം സ്വകാര്യ ലാബിൽ നിന്നും നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തി ദുബായിലേയ്ക്ക് പോയതായി അധികൃതർ വ്യക്തമാക്കിയിരുന്നു.