വടിയെടുത്ത് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി, തട്ടിപ്പിന് പൂട്ടിടും

Sunday 05 December 2021 12:25 AM IST

കോട്ടയം : ഫ്ളാറ്റ്, റിയൽ എസ്റ്റേറ്റ് തട്ടിപ്പുകൾ തടയാനായി പ്രവർത്തനം ഊർജിതമാക്കി റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി. അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ വിൽക്കുന്നതും ദീർഘകാല പാട്ടത്തിന് നൽകുന്നതും പദ്ധതി ചെലവിന്റെ പത്തുശതമാനം വരെ പിഴയീടാക്കാവുന്ന കുറ്റമാണെന്നിരിക്കെ, ഇനിയും രജിസ്റ്റർ ചെയ്യാത്തവരുണ്ടെന്ന നിഗമനത്തിലാണ് അതോറിട്ടി. രജിസ്ട്രേഷനുള്ളവരുമായി മാത്രമേ ഇടപാട് നടത്താവൂയെന്നാണ് മുന്നറിയിപ്പ്. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്കും ഡവലപ്പർമാർക്കും നിയമപരിരക്ഷ ഉറപ്പാക്കാനും ആരംഭിച്ച അതോറിറ്റി ചട്ടലംഘനത്തിനെതിരെ നടപടിയും സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകൾക്കുമായി rera.kerala.gov.in എന്ന പോർട്ടലുമുണ്ട്. മൂന്നുമാസം കൂടുമ്പോൾ നിർമ്മാണ പുരോഗതി ഡെവലപ്പർമാർ പോർട്ടലിൽ ലഭ്യമാക്കണം. വീഴ്ച വരുത്തിയാൽ ഏഴു ദിവസത്തിനുള്ളിൽ പേരുവിവരങ്ങളും മറ്റും പോർട്ടലിൽ പ്രസിദ്ധീകരിക്കും. പദ്ധതിയുടെ പേര്, ഡെവലപ്പർ, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ പോർട്ടലിൽ സെർച്ച് ചെയ്യാനുകും. നിർമാണക്കമ്പനിയുടെ മുൻകാല പ്രവർത്തനവും പദ്ധതിയുടെ വിലയും നിർമ്മാണ നിലവാരവും അടക്കമുള്ള വിവരങ്ങളും പോർട്ടലിൽ ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ചതിക്കപ്പെടില്ല.

വിപുലമായ അധികാരം

ഉപഭോക്താക്കളുടെയും ബിൽഡർമാരുടേയും ഡെവലപ്പർമാരുടേയും പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും അതോറിട്ടിക്ക് അധികാരമുണ്ട്. ഇരുകൂട്ടരേയും ഒരുപോലെ പരിഗണിച്ചുള്ള പരാതി പരിഹാരമാണ് നടപ്പാക്കുക. തങ്ങളുടെ പദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ചതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾക്കും സാധിക്കും.

ശ്രദ്ധിക്കാൻ

 നിർമാണത്തിലുള്ളതും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും ഭാവി പദ്ധതികളും രജിസ്റ്റർ ചെയ്യണം

 2017 മേയ് ഒന്നിന് മുൻപ് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിച്ച പ്രോജക്ടുകൾ നിയമ പരിധിയിൽ വരില്ല

 പ്രോജക്ട് രജിസ്റ്റർ ചെയ്യുമ്പോൾ പറയുന്ന വസ്തുതകൾ മാത്രമേ പരസ്യങ്ങളിലും കൊടുക്കാവൂ

 എല്ലാവിധ പരസ്യങ്ങളിലും അതോറിറ്റിയുടെ രജിസ്‌ട്രേഷൻ നമ്പർ ഉണ്ടായിരിക്കണം

'' ഏതെങ്കിലും ഡെവലപ്പർ തെറ്റായ വിവരം നൽകിയാൽ നിയമനടപടിയുണ്ടാകും. പരാതിയുള്ളവർക്ക് കേസ് ഫയൽ ചെയ്യാം''

പി.എച്ച് കുര്യൻ, ചെയർമാൻ, റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി

 രജിസ്റ്റർ ചെയ്തത് 18 പദ്ധതികളും19 ഏജന്റുമാരും

Advertisement
Advertisement