ജവാദ് ചുഴലിക്കാറ്റ്: നാല് സംസ്ഥാനങ്ങൾ ജാഗ്രതയിൽ

Sunday 05 December 2021 1:58 AM IST

അമരാവതി: ജവാദ് ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ബംഗാൾ,​ ഒഡിഷ,​ ആന്ധ്രാപ്രദേശ്,​ തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. ആന്ധ്രയിൽ ശ്രീകാകുളം,​ വിജയനഗരം,​ വിശാഖപട്ടണം എന്നീ ജില്ലകളിൽ നിന്നായി 54,008 പേരെ ഒഴിപ്പിച്ചു.

സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമായി 197 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വിശാഖപട്ടണം മേഖാവൃതമാണെങ്കിലും മഴ അനുഭവപ്പെട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയെ നാല് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പുരിയിൽ ഇന്നലെ ചെറിയ ചാറ്റൽമഴ അനുഭവപ്പെട്ടിരുന്നു. ഇതോടെ തീരപ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ ജവാദ് പുരി തീരത്ത് എത്തുമെങ്കിലും ദുർബലമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചിരിക്കുന്നത്. ഒഡിഷയിലെ 19 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്നലെ അവധി നൽകിയിരുന്നു. ബംഗാളിൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ഇത് നാളെ വരെ തുടർന്നേക്കും. ചുഴലിക്കാറ്റ് കണക്കിലെടുത്ത് രാജ്യത്ത് ഇന്നലെ 36 ട്രെയിനുകൾ റദ്ദാക്കിയിരുന്നു.

Advertisement
Advertisement