തിരുനക്കര ശിവൻ കരഞ്ഞു പറയുന്നു, 'വയസുകാലത്ത് ഇനിയും ചട്ടം പഠിപ്പിക്കരുതേ'

Sunday 05 December 2021 12:27 AM IST

കോട്ടയം : "പ്രായാധിക്യത്താൽ അവശനായ എന്നെ ഇനിയും ചട്ടം പഠിപ്പിക്കാനായി തല്ലിക്കൊല്ലരുത്. ദേവസ്വം ബോർഡ് അധികാരികളോട് ലക്ഷണമൊത്ത നാട്ടാനയും ആനപ്രേമികളുടെ താരവുമായ തിരുനക്കര ശിവന്റെ അഭ്യർത്ഥനയാണിത്. ശിവനുമായ് നന്നായി ഇണങ്ങിയ പാപ്പാൻ ഗോപകുമാറിനെ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. കസ്റ്റോഡിയനായ വൈക്കം ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിറക്കിയത്. ക്ഷേത്രോത്സവങ്ങൾ ഈ വർഷം നടത്തുന്നതിനാലാണ് പാപ്പാന്മാരെ മാറ്റുന്നതെന്നാണ് വിശദീകരണം. പുതിയ പാപ്പാൻ വന്നാൽ വീണ്ടും ചട്ടം പഠിപ്പിക്കണം. കോലിന് തല്ലിയും മർമ്മ സ്ഥാനങ്ങളിൽ തോട്ടിയ്ക്ക് കുത്തി വലിച്ച് പേടിപ്പിച്ചുമാണ് ചട്ടം പഠിപ്പിക്കുക. ഇരണ്ടകെട്ട് വന്ന് അവശനിലയിലായി മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് സമീപകാലത്താണ് ശിവൻ തിരിച്ചു വന്നത്. അണപ്പല്ല് തേഞ്ഞു പോയതിനാൽ പനം പട്ടയോ ഓലയോ കഴിക്കാൻ ആവാതെ പുല്ല് മാത്രമാണ് ഇപ്പോൾ നൽകുന്നത്. ശിവനെ നന്നായി പരിപാലിച്ചു വന്ന അരഡസനിലേറെ പാപ്പാന്മാരെ ഇതിനകം മാറ്റിയത് വിവാദമായിരുന്നു. ആനയുമായി ഇണങ്ങിയ നടേശനും മനോജുമായിരുന്നു ഏറെക്കാലം പാപ്പാന്മാരായിരുന്നത്. മനോജിനെ നേരത്തേ ചിറക്കടവിലേക്ക് മാറ്റി. പകരം വന്ന പാപ്പാൻ ആനയെ ക്രൂരമായി മർദ്ദിച്ച് ചട്ടം പഠിപ്പിച്ചതിനെതിരെ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അവസാനം ദേവസ്വം അധികൃതർക്ക് മനോജിനെ തിരിച്ചു കൊണ്ടു വരേണ്ടി വന്നു. ശിവനെ മർദ്ദിക്കുന്നുണ്ടോ എന്നറിയാൻ ആനക്കൊട്ടിലിന് സമീപം ആന പ്രേമികൾ സി.സി.ടി.വി കാമറയും സ്ഥാപിച്ചു.

ഉത്സവത്തിന് ഒഴിവാക്കാനുള്ള നീക്കം

മാർച്ചിൽ തിരുനക്കര ഉത്സവമാണ്. പുതിയ പാപ്പാൻ ചട്ടം പഠിപ്പിക്കാൻ മാസങ്ങളെടുക്കുമെന്നതിനാൽ ശിവനെ എഴുന്നള്ളിപ്പിക്കാൻ കഴിയില്ല. പാപ്പാനെ മാറ്റുന്നത് ഉത്സവത്തിന് മറ്റ് ആനകളെ തിടമ്പേറ്റാനുള്ള കളിയുടെ ഭാഗമാണെന്നാണ് ആരോപണം. ക്ഷേത്രമതിൽ കെട്ടിനുള്ളിൽ കേക്ക് മുറിച്ച് ശിവന്റെ പിറന്നാൾ സമീപകാലത്ത് ആഘോഷിച്ചത് വിവാദമായിരുന്നു.

തിരുനക്കര ശിവനുമായി ഇണങ്ങിയ ഇപ്പോഴത്തെ പാപ്പാനെ മാറ്റാനുള്ള തീരുമാനം പുന :പരിശോധിക്കണം. പ്രായാധിക്യത്താൽ അവശനായ ശിവനെ തല്ലി ചട്ടം പഠിപ്പിക്കുന്നത് വിശ്വാസികൾ കാണാതിരിക്കാൻ പഴയതു പോലെ ആനയെ ചെങ്ങളത്ത് കാവിലേക്ക് മാറ്റാൻ അനുവദിക്കില്ല. വിശ്വാസികളെ സംഘടിപ്പിച്ച് ചെറുക്കും

ജയകുമാർ തിരുനക്കര, അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡന്റ്

Advertisement
Advertisement