സഹികെട്ടാൽ ചങ്ങല പൊട്ടിക്കും;പൊസളിഗെ പകർന്ന പാഠം

Saturday 04 December 2021 7:24 PM IST
പൊസളിഗെ കോളനിയിലെ ദളിതർക്ക് സിപിഎം മുൻകൈയ്യെടുത്ത് റോഡ് ഉണ്ടാക്കിയപ്പോൾ(ഫയൽചിത്രം)​

കാസർകോട് :ദളിത് വിഭാഗക്കാർ റോഡ് ഉപയോഗിച്ചാൽ ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞു അന്ധവിശ്വാസത്തിന്റെ മറ സൃഷ്ടിച്ച് വലിയൊരു വിഭാഗത്തെ മാറ്റിനിർത്തിയതാണ് ബെള്ളൂർ പഞ്ചായത്തിലെ പൊസളിഗെയിൽ. പഡ്രെ ജടാധാരി ക്ഷേത്രം അടച്ചുപൂട്ടിയ അതേവർഷമാണ് പൊസളിഗെയിൽ 90 ഓളം വരുന്ന പിന്നോക്കസമുദായം ഉപയോഗിക്കുന്ന പൊതുവഴി 80 ഏക്കർ സ്ഥലം സ്വന്തമായുള്ള ജന്മി അടച്ചത്.

ബെള്ളൂർ ബസ്തി മുതൽ തോട്ടദ്മൂല -പൊസളിഗെ കോളനിയിലേക്കുള്ള വഴി അടച്ച വിവരം പുറത്തുവന്നത് 2018ലാണ്. വാഹനം കിട്ടാതെ കോളനിയിലെ അംഗപരിമിതൻ മാത്താടി ആശുപത്രിയിൽ എത്തുന്നതിന് മുമ്പും പാമ്പുകടിയേറ്റ കോളനിയിലെ മാങ്കുവിന്റെ മകൻ രവിയും എൻഡോസൾഫാൻ ദുരിതബാധിതയായ സേതുവും മരണത്തിന് കീഴടങ്ങിയതോടെയാണ് കോളനിവാസികൾ രണ്ടും കൽപിച്ച് ഇറങ്ങിയത്. ദളിതനായ മാത്താടിയെ ആശുപത്രിയിൽ എത്തിച്ചത് കസേരയിലിരുത്തി രണ്ടുപേർ ചേർന്ന് ചുമന്നായിരുന്നു. തോട്ടത്തിൽ വച്ച് പാമ്പുകടിയേറ്റ രവിയ്ക്ക് ദളിതനായതിനാൽ കുടിക്കാൻ വെള്ളം പോലും നൽകിയില്ല. എൻഡോസൾഫാൻ ദുരിതബാധിതയായ നീതുവിനെ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിച്ചത് ഒരു കിലോമീറ്ററോളം ചുമന്നായിരുന്നു. ദൈവകോപം കിട്ടുമെന്ന മേൽജാതിക്കാരുടെ പ്രചാരണത്തിൽ ഓട്ടോഡ്രൈവർമാർ പോലും കുടുങ്ങിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയും അധികാരികളുമെല്ലാം ജന്മിമാർക്ക് കൂട്ടുനിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ സഹികെട്ട ജനം പരമ്പരാഗത പാളത്തൊപ്പി ധരിച്ച് പഞ്ചായത്ത് ഓഫീസിലേക്കും കളക്ട്രേറ്റിലേക്കും മാർച്ച് ചെയ്തു സി .പി. എമ്മിന്റെ നേതൃത്വത്തിൽ സംഘടിച്ചിറങ്ങി കോളനിയിലേക്ക് റോഡ് വെട്ടുകയും ചെയ്തു. ഇന്ന് പൊസളിഗെയിൽ ദളിതർക്ക് നടക്കാനും യാത്ര ചെയ്യാനും മികച്ച റോഡും വഴികളുമുണ്ട്.

സ്വർഗ്ഗയിൽ ദളിതരുടെ നവോത്ഥാന സംഗമം
പഡ്രെ ബദിയാറു ജടാധാരി ക്ഷേത്രത്തിലെ ജാതീയമായ വിവേചനത്തിനെതിരെ പിന്നോക്ക ജനവിഭാഗം ഒരുമിക്കുന്നു. കീഴ്ജാതിക്കാർ നേരിടുന്ന അനീതികളും വേർതിരിവുകളും ചർച്ച ചെയ്യുന്നതിനും ബോധവത്ക്കരിക്കുന്നതിനും ദളിത് കുടുംബങ്ങളും നാട്ടുകാരും പങ്കെടുക്കുന്ന നവോത്ഥാന സംഗമം ഇന്ന് വൈകുന്നേരം അഞ്ചിന് സ്വർഗ്ഗ ജംഗ്ഷനിൽ നടക്കും. ഭരണഘടനാ ശില്പി ഡോ. ബി .ആർ. അംബേദ്ക്കറുടെ ചരമദിനത്തോട് അനുബന്ധിച്ചാണ് ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പിന്നോക്ക വിഭാഗം തെരുവിൽ ഇറങ്ങുന്നത്. സംഗമത്തിന്റെ ഭാഗമായുള്ള റാലി ഒഴിവാക്കിയതായി സാമൂഹ്യ പ്രവർത്തകൻ ശ്രീനിവാസ് നായ്ക്ക് പറഞ്ഞു.

നാളെ.. കളത്തിന് പുറത്താണ് ദളിതന്റെ ദൈവങ്ങളും

Advertisement
Advertisement