പത്ത് കരാറുകൾ ഒപ്പിടും, സൗഹൃദം ദൃഢമാക്കാൻ പുട്ടിൻ ഇന്നെത്തും

Sunday 05 December 2021 12:49 AM IST

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ 21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നെത്തും. റഷ്യയുടെ ചിരവൈരിയായ അമേരിക്കയുമായി ഇന്ത്യയും ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയുമായി റഷ്യയും അടുക്കുന്ന സാഹചര്യത്തിൽ എന്നത്തെയും നല്ല സുഹൃദ്‌രാജ്യ മേധാവിയുടെ ഇത്തവണത്തെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

നാളെ ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. തുടർന്ന് ഉഭയകക്ഷി ബന്ധവും പ്രതിരോധ പങ്കാളിത്തവും ശക്തമാക്കാനുള്ള പത്ത് കരാറുകൾ ഒപ്പിടും. ചില കരാറുകൾ രഹസ്യ സ്വഭാവമുള്ളവയാണെന്ന് റഷ്യൻ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.

മോദി - പുട്ടിൻ കൂടിക്കാഴ്ചയ്‌ക്കു മുന്നോടിയായി പ്രതിരോധ മന്ത്രിമാരായ രാജ്നാഥ് സിംഗും സെർജി ഷോയ്ഗുവും തമ്മിലും വിദേശമന്ത്രിമാരായ ഡോ. എസ്. ജയശങ്കറും സെർജി ലാ‌വ്‌റോവും തമ്മിലുമുള്ള 2+2 കൂടിക്കാഴ്ച നടക്കും. മോദി - പുട്ടിൻ ചർച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്‌താവനയുമുണ്ടാകും.

കൊവിഡ് കാരണം കഴിഞ്ഞ വർഷം ഇന്ത്യ-റഷ്യ ഉച്ചകോടി മാറ്റിവച്ചിരുന്നു. 2019 ലെ ബ്രിക്സ് ഉച്ചകോടിയിലാണ് മോദിയും പുട്ടിനും ഒടുവിൽ കണ്ടത്.

അഫ്ഗാൻ വെല്ലുവിളി

അമേരിക്ക പിൻമാറിയ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോൾ,​ ഭീകര ഭീഷണി നേരിടാൻ താലിബാൻ സർക്കാരിൽ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യയ്ക്ക് അത്യാവശ്യം

 ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയ്‌ക്കായി രൂപീകരിച്ച ക്വാഡ് (അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ ) കൂട്ടായ്‌മയ്‌ക്ക് പകരമായി റഷ്യ, ഇന്ത്യയുമായി നേരിട്ട് സഹകരണം ആഗ്രഹിക്കുന്നു. ക്വാഡിന്റെ ഉന്നം ചൈനയാണെങ്കിലും റഷ്യയ്‌ക്കും ഭീഷണിയുണ്ട്

ഉലയാതെ സൗഹൃദം

2019ൽ ഓർഡർ ഒഫ് സെന്റ് ആൻഡ്രൂ ബഹുമതി നൽകി മോദിയെ ആദരിച്ചും 370-ാം വകുപ്പ് റദ്ദാക്കിയതിനെ യു.എന്നിൽ പിന്തുണച്ചും ലഡാക് സംഘർഷത്തിനിടെ ആയുധങ്ങൾ നൽകിയും റഷ്യ അനുഭാവം തുടർന്നു. തിരിച്ച് ഇന്ത്യ യു.എന്നിൽ റഷ്യയുടെ നാസിസത്തിനെതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു. യു.എസ് സമ്മർദ്ദം അവഗണിച്ച് എസ്-400 വ്യോമപ്രതിരോധ കരാറിൽ ഒപ്പിട്ടു.

പ്രതിരോധ,ഊർജ സഹകരണം

പ്രതിരോധമേഖലയിൽ അടക്കം നിക്ഷേപമിറക്കി ആത്മനിർഭർ ഭാരത പദ്ധതിയിൽ റഷ്യ സജീവമാകും. വ്യവസായ, പ്രതിരോധ സഹകരണം (ഭിലായ് സ്റ്റീൽ പ്ളാന്റ് മുതൽ ബ്രഹ്‌മോസ് മിസൈൽ വരെ) ശക്തിപ്പെടുത്തും. ഊർജം, ഔഷധം, സെറാമിക്‌സ്, കെമിക്കൽസ്, ഹൈടെക് വ്യവസായം, സൈബർ സുരക്ഷ, ഡിജിറ്റൽ ഫിനാൻസ് മേഖലകളിലും സഹകരണം.

Advertisement
Advertisement