സഹോദരിമാരെത്തും ചോറും ഇറച്ചിക്കറികളുമായി തെരുവുനായ്ക്കളുടെ വിശപ്പകറ്റാൻ

Saturday 04 December 2021 11:02 PM IST

തളിക്കുളം: അച്ചുവിനെയും ജയശ്രീയെയും കാണുമ്പോൾ നായ്ക്കളെല്ലാം വാലാട്ടി കൂടെക്കൂടും. 15 വർഷമായി ഈ സഹോദരിമാരെ ഇവർ കാണാൻ തുടങ്ങിയിട്ട്. ചെമ്മാപ്പിള്ളി പരേതനായ കുമാരന്റെ മക്കളായ അച്ചുവും ജയശ്രീയും ചോറും ഇറച്ചിക്കറിയുമായി എന്നുമെത്തും.
ചിക്കൻ കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ചിക്കൻ പാർട്‌സ് കൊണ്ടുവന്ന് കറിയുണ്ടാക്കി പാത്രങ്ങളിലാക്കി നായ്ക്കൾക്ക് എത്തിച്ചു നൽകും. അച്ചുവാണ് സൈക്കിളിൽ ഭക്ഷണം വിതരണം ചെയ്യുക. തളിക്കുളം സെന്റർ, ചേർക്കര, ആൽപരിസരം എന്നിവിടങ്ങളിലാണ് ഭക്ഷണ വിതരണം. ഭക്ഷണം കിട്ടിയാൽ അനുസരണയോടെയാണ് അവയുടെ തീറ്റ. ഭക്ഷണത്തിനിടെ അച്ചുവിന്റെ തലോടലും ഏൽക്കും. റ്റാറ്റ പറഞ്ഞാണ് അച്ചുവിന്റെ മടക്കം. മറയുന്നതും നോക്കി കടിപിടി കൂടാതെ നായ്ക്കൂട്ടം നോക്കി നിൽക്കും.

സ്‌നേഹത്തോടെയും ഒത്തൊരുമയോടെയുമാണ് നായ്ക്കൾ ഭക്ഷണം കഴിക്കുകയെന്ന് അച്ചു പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ പോലും മുടങ്ങാതെ ഇവർ നായ്ക്കളെ ഊട്ടി.

വീട്ടിൽ നായ്ക്കളെയും പൂച്ചകളെയും വളർത്തിയിരുന്നു. തെരുവുനായ്ക്കളുടെ അവസ്ഥ മനസിലാക്കിയാണ് നായ്ക്കളെ ഊട്ടാൻ ഇവർ ഇറങ്ങിത്തിരിച്ചത്. തളിക്കുളം ചന്തയിൽ ശ്രീഭദ്ര എന്ന പേരിൽ ടൈലറിംഗ് സ്ഥാപനം നടത്തുകയാണ് ഇരുവരും. ചേച്ചി ശ്രീദേവി വിവാഹം കഴിഞ്ഞ് പോയെങ്കിലും ഇവരുടെ സഹായത്തിനായെത്താറുണ്ട്.

വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കുടുംബത്തിന്റെ അവസ്ഥ വകവയ്ക്കാതെയാണ് ഇവർ നായ്ക്കളെ പരിപാലിക്കുന്നത്. പിതാവ് കുമാരൻ 8 വർഷം മുമ്പ് മരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ട് വർഷത്തോളം കിടപ്പിലായിന്നു. ചികിത്സയ്ക്കായി നല്ലൊരു തുക ചെലവായി. മാതാവ് മാറാരോഗിയുമാണ്. കടം കയറി വീടും സ്ഥലവും വിൽക്കേണ്ടി വന്നതോടെ വാടക വീട്ടിലായി താമസം. നായ്ക്കൾക്ക് ഭക്ഷണത്തിനായി ആരെങ്കിലും റേഷൻ അരിയെങ്കിലും തന്നു സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സഹോദരിമാർ.

Advertisement
Advertisement