ശ്രീലങ്കൻ പൗരന്റെ കൊലപാതകം; പാകിസ്ഥാന് നാണക്കേടിന്റെ ദിനമെന്ന് ഇമ്രാൻ ഖാൻ

Sunday 05 December 2021 12:52 AM IST

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാന് നാണക്കേടിന്റെ ദിനമെന്ന് പറഞ്ഞ അദ്ദേഹം, ആൾക്കൂട്ട ആക്രമണത്തിൽ നടക്കുന്ന അന്വേഷണത്തിന് താൻ മേൽനോട്ടം വഹിച്ച് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇമ്രാൻ പറഞ്ഞു. ആൾകൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 100 ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിൽ ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന പ്രിയാനന്ദ കുമരയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഖുർ ആൻ വരികൾ ആലേഖനം ചെയ്ത പോസ്റ്റർ നശിപ്പിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം കുമരയെ മർദ്ദിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട കുമരയുടെ മൃതദേഹം തെരുവിലിട്ട് കത്തിക്കുകയും ചെയ്തു. 'സിയാൽകോട്ട് സംഭവം വളരെ ദുഃഖകരവും ലജ്ജാകരവുമാണെന്ന് പാക് പ്രസിഡന്റ് ഡോ.ആരിഫ് ആൽവിയും ട്വീറ്റ് ചെയ്തു. അതേ സമയം സംഭവത്തെ ശ്രീലങ്കൻ സർക്കാർ ശക്തമായി അപലപിച്ചു. തീവ്രവാദ ശക്തികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ ആർക്കും ഇത് സംഭവിക്കാമെന്ന് ശ്രീലങ്കൻ എം.പിയും നിലവിലെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ മകനുമായ നമൽ രജപക്‌സെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു .

Advertisement
Advertisement