നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 11 മരണം , നിരവധി പേർക്ക് പരിക്ക്, പ്രതിഷേധം ശക്തം

Sunday 05 December 2021 10:10 AM IST

ന്യൂഡൽഹി: സുരക്ഷാ സേനയുടെ വെടിയേറ്റ് നാഗലാൻഡിൽ 11 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു ജവാനും വീരമൃത്യുവരിച്ചെന്നാണ് റിപ്പോർട്ട്. നിരവധി ഗ്രാമീണർക്ക് പരിക്കുണ്ട്. ഇന്നലെ രാത്രിയോടെ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മോൺ ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തിലാണ് സംഭവം. കലാപകാരികളെന്നു തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികൾക്കുനേരെ വെടിവച്ചതെന്നാണ് സൂചന

തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് വെടിയുതിർത്തത്. ഗ്രാമീണർ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സംഭവത്തിൽ പ്രകോപിതരായ ഗ്രാമീണർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. വെടിവയ്പ്പിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത് എന്നും കൊല്ളപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.

നാഗാലാൻഡിലെ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ച ഗ്രാമീണരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement