ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് വാശി പിടിക്കരുത്, ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ വളർച്ചയെ തടയാനാകില്ല; ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ കെ സുധാകരൻ

Sunday 05 December 2021 11:33 AM IST

കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്നും, ഇത് പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വവുമായി അകന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് സുധാകരന്റെ വിമർശനം. ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് ഇരു നേതാക്കളും വാശിപിടിക്കുന്നത് ജനാധിപത്യ പാർട്ടിക്ക് ഗുണകരമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ചയെ തടയാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു സുധാകരന്റെ വിമർശനം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ടെന്നും, താനത് അവരോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement