ആരെങ്കിലും പൊക്കിവിട്ടയാളല്ല, താനൊരു വ്യക്തിയാണ്, ഊരയിലെ ഉണ്ണിയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്

Sunday 05 December 2021 3:34 PM IST

തിരുവനന്തപുരം: താനൊരു വ്യക്തിയാണെന്നും ആരുടെയെങ്കിലും തണലിൽ വളരുന്ന ആളല്ലെന്നും പൊതുമരാമത്ത് -ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. " പന്ത്രണ്ടാമത്തെ വയസു മുതൽ എന്റെ ജീവിതം രാഷ്ട്രീയ പ്രവർത്തനമാണ്. പ്രവർത്തിച്ചാണ് പല ഘട്ടങ്ങളായി മുന്നോട്ടു പോയത്. അല്ലാതെ വലതുപക്ഷ രീതിയിൽ ആരെങ്കിലും പൊക്കിവിട്ടതല്ല.അങ്ങനെയുള്ള ഊരയിൽ ഉണ്ണിയല്ല ( ഒക്കത്തെടുത്ത് വളർത്തുന്ന കുട്ടി ) ഞാൻ." കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ മന്ത്രി റിയാസ് പറഞ്ഞു.

മരുമകൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ കാര്യങ്ങളും പറഞ്ഞു ചെയ്യിക്കുകയാണോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയിലെ എല്ലാ കാര്യങ്ങളിലും കൈകടത്താൻ നോക്കുന്നുവെന്ന ഒരു വില്ലൻ ഇമേജ് നൽകാൻ ചിലർ ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് " ഒരാൾക്കും കഴിവും സ്വഭാവദാർഢ്യവുമില്ലാതെ പിടിച്ചു നിൽക്കാനാവില്ലെന്നും എത്ര ഊതി വീർപ്പിച്ചാലും നിലനിൽക്കില്ലെന്നും " റിയാസ് വ്യക്തമാക്കി.

" മന്ത്രിയെന്ന ഈ അധികാരം ലഭിക്കും മുമ്പും ഒരുവർഷത്തോളം മുഖ്യമന്ത്രിയുടെ മരുമകൻ തന്നെയായിരുന്നു.അന്ന് വേണമെങ്കിൽ ഈ പറയുന്നതുപോലെ വില്ലനാകാമായിരുന്നില്ലേ? എന്തിലാണോ ഇടപെടേണ്ടത് അതിലേ ഇടപെടുകയുള്ളു. എവിടെയാണോ പോകേണ്ടത് അവിടെയേ പോവുകയുള്ളു.പ്രവ‌ൃത്തിയെ വിമർശിക്കാം.മെരിറ്റും ഡീ മെരിറ്റും നോക്കാം. അല്ലാതെ വക്രീകരിച്ചുകാണിക്കാൻ ശ്രമിച്ചാൽ ജനം ഇതൊക്കെ കാണുന്നുണ്ടെന്നേ മറുപടി പറയാൻ കഴിയുകയുള്ളു.അനാവശ്യമായി എന്തെങ്കിലും പരിഗണന നൽകുന്ന ആളല്ല മുഖ്യമന്ത്രി.ഞാൻ അത്തരം പരിഗണന പ്രതീക്ഷിക്കുന്നയാളുമല്ല.സ്വന്തം മനസ് പൂർണമായി അർപ്പിക്കാതെയും കഠിനാദ്ധ്വാനം ചെയ്യാതെയും മന്ത്രിയെന്ന നിലയിൽ മുന്നോട്ടുപോകാനാവില്ല.പ്രായം കുറഞ്ഞ ഒരാളെന്ന നിലയിൽ മികച്ച രീതിയിൽ ഞാൻ പ്രവർത്തിച്ചില്ലെങ്കിൽ പുതിയ തലമുറയ്ക്കാകും അതിന്റെ ദോഷം.എനിക്ക് പാളിച്ച പറ്റിയാൽ അവരെ അത് ബാധിക്കും.നാളെ അവരുടെ അവസരമാകും നഷ്ടമാവുക." മന്ത്രി റിയാസ് വ്യക്തമാക്കി.

മന്ത്രിയെന്ന നിലയിൽ സുതാര്യമായി മുന്നോട്ടു പോകുമ്പോൾ അതിനെ നല്ലരീതിയിൽ കാണാതെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് തടസമാകുമെന്നു കരുതുന്ന ചെറിയൊരു വിഭാഗം കരാറുകാരും ഉദ്യോഗസ്ഥരും ഉണ്ടാകാം. അവർ ഒന്ന് ഇടിച്ചുതാഴ്ത്തിക്കാണിക്കാൻ നോക്കിയേക്കാം. പക്ഷേ അതൊന്നും കാര്യമാക്കുകയില്ല.അഴിമതിക്കെതിരെ ശക്തമായി പ്രവർത്തിക്കും. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഫീൽഡിൽ പോകും. റിയാസ് പറഞ്ഞു. 'മന്ത്രി പദവി പാർടി തന്നതാണ്.അതിന്റെ കാലമെത്രയാണെന്ന് നോക്കിയല്ല പ്രവർത്തിക്കുന്നത്.ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്.' മുഹമ്മദ് റിയാസ് വ്യക്തമാക്കി.

പി.ഡബ്ള്യു.ഡി മിഷൻ 2022- അടുത്തവർഷം പൊതുമരാമത്ത് വകുപ്പിൽ വിപ്ളവകരമായ പരിഷ്ക്കാരങ്ങൾ വരും.പി.ഡബ്ള്യൂ.ഡി മിഷൻ 2022 നടപ്പിലാകുന്നതോടെ റോഡ് അറ്റകുറ്റപ്പണിക്ക് കേരളത്തിൽ സ്ഥിരം സംവിധാനം നിലവിൽ വരും. സാങ്കേതിക വിദ്യയുടെ സഹായം കൂടുതൽ കൊണ്ടുവരും. ഐ.ടി. രംഗത്തിന്റെ സാധ്യതകൾ ഉറപ്പുവരുത്തും.കേരളത്തിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും സ്ഥിതി ജനങ്ങൾക്ക് മൊബൈലിലൂടെ നോക്കിക്കാണാവുന്ന സംവിധാനം വരും.അതിനുള്ള പ്രോജക്ട് മാനേജ്മെന്റ് സംവിധാനം തയ്യാറായി വരികയാണെന്നും പ്ളാനിംഗ് ബോർഡുമായി ഇതു സംബന്ധിച്ച ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി ടിവിയിൽ ഞായറാഴ്ച രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യും.

Advertisement
Advertisement