നാഗാലാന്റ് വെടിവയ്‌പ്പ്; അസം റൈഫിൾസ് ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണം, ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി
കൊഹിമ: നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവയ്‌പ്പിൽ 12 ഗ്രാമീണർ ഉൾപ്പടെ 13 പേർ മരണമടഞ്ഞ സംഭവത്തിൽ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം. അസം റൈഫിൾസ് ക്യാമ്പിനുനേരെ നാട്ടുകാർ ആക്രമണം നടത്തി. മോൺ നഗരത്തിലെ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. സർക്കാർ സ്ഥാപനങ്ങളും വാഹനങ്ങളും തടയുകയും തകർക്കുകയും ചെയ്‌തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആകാശത്തേക്ക് വെടിവച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അസം റൈഫിൾസ് അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി മോൺ ജില്ലയിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി. സംസ്ഥാന തലസ്ഥാനമായ കൊഹിമയിലെ ഹോൺബിൽ ഫെസ്‌റ്റിവെലും നിർത്തിവച്ചു. വെടിവയ്‌പ്പിൽ മരിച്ച നാട്ടുകാരുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ച പളളിയിലും സംഘർഷമുണ്ടായി. സംസ്‌കാരം നാളത്തേക്ക് മാറ്റി.
മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് മോൺ. ഇവിടെ വിഘടനവാദികളുടെ ആക്രമണത്തെക്കുറിച്ച് സുരക്ഷാസേനയ്‌ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനിടെ ഖനിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തദ്ദേശവാസികളായ തൊഴിലാളികളെ കണ്ട് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചത്. സംഭവത്തിൽ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.