ആർഎസ്‌എസ് സംഘടനയെ വളർത്താൻ വർ‌ഗീയ കലാപങ്ങളെ ആശ്രയിക്കുന്നവർ; തലശേരിയിൽ ഉയർ‌ത്തിയ മുദ്രാവാക്യം അംഗീകരിക്കാൻ കഴിയില്ല, രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

Sunday 05 December 2021 8:57 PM IST

ആലപ്പുഴ: തലശേരിയിൽ ആർഎസ്‌എസ് മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാലിന്റെ പേരിൽ അവർ വിദ്വേഷ പ്രചാരണം നടത്തുയാണെന്നും ഇത് തിരിച്ചറിഞ്ഞ് ബോധവൽക്കരണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭക്ഷ്യയോഗ്യം എന്ന് അംഗീകരിക്കുന്നതാണ് ഈ മുദ്ര. ഇത്തരം ഭക്ഷണരീതി പണ്ടുമുതലേയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ പി.കൃഷ്‌ണപിള‌ള സ്‌മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്‌തുള‌ള ചടങ്ങിലാണ് മുഖ്യമന്ത്രി ഇത്തരത്തിൽ അഭിപ്രായം പ്രകടിപ്പിച്ചത്.

സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് ആർഎസ്‌എസുകാരെന്നും മതനിരപേക്ഷത നശിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ ഇതൊന്നും നടക്കാത്തത് ഈ നാടിന്റെ പ്രത്യേകതയാണ്. ക്രിക്ക‌റ്റ് കളിയിൽപോലും വർഗീയത കാണുന്നവരാണ് ചിലർ. തലശേരിയിൽ ഇതര ആരാധനാലയങ്ങൾക്കെതിരെയാണ് ആർഎസ്‌എസ് മുദ്രാവാക്യം വിളി. ബിജെപിയുടെ കെ.ടി ജയകൃഷ്‌ണൻ മാസ്‌റ്റർ അനുസ്‌മരണ പരിപാടിയെ തുടർന്ന് നടന്ന റാലിയിലായിരുന്നു വിവാദമായ മുദ്രാവാക്യം വിളി ഉയർന്നത്.