നാടകസംഘങ്ങൾക്ക് ധനസഹായവുമായി അക്കാഡമി: അരങ്ങിൽ പ്രത്യാശ

Sunday 05 December 2021 10:17 PM IST

തൃശൂർ : അരങ്ങ് നഷ്ടപ്പെട്ട കലാകാരന്മാർക്ക് അരങ്ങൊരുക്കി സംഗീത നാടക അക്കാഡമി. അമേച്വർ നാടക സംഘങ്ങൾ, കഥാപ്രസംഗ കലാകാരന്മാർ, ഓട്ടൻ തുള്ളൽ, ഏകാംഗനാടകം, ചാക്യാർകൂത്ത്, പ്രൊഫഷണൽ നാടകങ്ങൾ, കൂടിയാട്ടം, നൃത്തം തുടങ്ങി വിവിധ തലങ്ങളിലുള്ള കലാകാരന്മാർക്കും കലാസംഘങ്ങൾക്കും സാമ്പത്തിക സഹായം നൽകി വേദിയൊരുക്കുകയാണ് അക്കാഡമി. കൊവിഡ് മൂലം ജീവിതം പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കലാണ് ലക്ഷ്യം. അക്കാഡമി വിഭാവനം ചെയ്ത അഞ്ച് നാടകോത്സവത്തിലൂടെയാണ് നാടകങ്ങൾ അരങ്ങിലെത്തിക്കുക. അയ്യായിരം മുതൽ നാല് ലക്ഷം വരെ സഹായം വിവിധ കലാരൂപങ്ങൾക്ക് നൽകും.

അരങ്ങിലെത്തുന്നത് 25 നാടകങ്ങൾ

പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 25 നാടകങ്ങൾ ഫെബ്രുവരി രണ്ടാംവാരം മുതൽ അരങ്ങിലെത്തും. അമേച്വർ നാടക സമിതികൾക്കുള്ള 50 ലക്ഷം രൂപയുടെ ധനസഹായം പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു. 25 അമേച്വർ നാടകസമിതിക്കും നാടകാവതരണത്തിനായി രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം അനുവദിക്കുന്നത്. അറുപതോളം അപേക്ഷകളിൽ നിന്നാണ് 25 സമിതികളെ തിരഞ്ഞെടുത്തത്. ഇവർ പത്ത് സ്ഥലങ്ങളിൽ നാടകം അവതരിപ്പിക്കണം.

യുവ കാഥികർക്ക് അവസരം

ദീർഘകാലമായി കഥാപ്രസംഗരംഗത്ത് പ്രവർത്തിക്കുന്ന 25 സീനിയർ കാഥികരെ പങ്കെടുപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുകേന്ദ്രങ്ങളിലായി കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കും. 20നും 40 നും ഇടയിൽ പ്രായമുള്ള 50 യുവ കാഥികർക്ക് 20,000 രൂപ വീതമാണ് നൽകുക. ധനസഹായത്തിന് അപേക്ഷിക്കുന്ന കാഥികർ 10 മിനിട്ട് ദൈർഘ്യമുള്ള കഥാപ്രസംഗഭാഗത്തിന്റെ സിഡി/പെൻഡ്രൈവ് എന്നിവ സമർപ്പിക്കണം. ഒരു സംഘത്തിന്റെ ഒരു അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷ ജനുവരി 5 നകം അപേക്ഷിക്കണം.

പ്രൊഫഷണൽ നാടകത്തിന് രണ്ട് കോടി

സംസ്ഥാനത്തെ പ്രൊഫഷണൽ നാടക സംഘങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അമ്പത് നാടക സംഘങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നൽകാനായി രണ്ട് കോടിയുടെ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അക്കാഡമി സെക്രട്ടറി പറഞ്ഞു. സമിതികൾ പത്ത് വേദികളിൽ നാടകങ്ങൾ അവതരിപ്പിക്കും.


കലാകാരന്മാരുടെ ക്ഷേമത്തിനായി ഇതിനോടകം നിരവധി പ്രവർത്തനങ്ങളാണ് സംഗീത നാടക അക്കാഡമി നടത്തി വരുന്നത്. കൊവിഡ് മൂലം കടുത്ത പ്രതിസിന്ധിയിലായ കലാകാരന്മാർക്ക് കൂടുതൽ അവസരം സൃഷ്ടിക്കുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്

പ്രഭാകരൻ പഴശി
സെക്രട്ടറി
സംഗീത നാടക അക്കാഡമി

Advertisement
Advertisement