പാമ്പ് ശല്യം രൂക്ഷം,​ വീടോടെ കത്തിച്ച് ഉടമ

Monday 06 December 2021 12:11 AM IST

ന്യൂയോർക്ക്: വീടിന്റെ ബേസ്മെന്റിലെ പാമ്പ് ശല്യം ഒഴിവാക്കാനുള്ള ഉടമസ്ഥന്റെ ശ്രമത്തിനിടെ അബദ്ധത്തിൽ വീട് കത്തിനശിച്ചു. അമേരിക്കയിലെ മേരിലാൻഡിലുള്ള മോണ്ട്ഗോമെറിയിലാണ് സംഭവം. ബേസ്മെന്റിൽ ഒന്നിലധികം പാമ്പുകൾ വസിച്ചിരുന്നു. ഇവയെ തുരത്തുന്നതിന് പാമ്പ് പിടുത്തക്കാരെ ആശ്രയിക്കുന്നതിന് പകരം സ്വയം ഒരു ശ്രമം നടത്തുകയായിരുന്നു ഉടമ.

കൽക്കരി ഉപയോഗിച്ച് വീടിനുള്ളിൽ പുകയ്ക്കുകയാണ് ഉടമ ചെയ്തത്. പാമ്പിനെ പുകച്ച് പുറത്തുചാടിക്കാമെന്ന് കരുതിയെങ്കിലും തീ ആളിപ്പടർന്ന് വീട് പൂർണമായും കത്തിനശിക്കുകയായിരുന്നു. ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും വീടിന്റെ എല്ലാം ഭാഗങ്ങളിലേക്കും തീ വ്യാപിച്ചിരുന്നു. ഭാഗ്യവശാൽ ആർക്കും പൊള്ളലേറ്റിട്ടില്ല. ഏകദേശം പത്ത് ലക്ഷം ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. ഏകദേശം 18 ലക്ഷം ഡോളർ മുടക്കി അടുത്തിടെയാണ് ഉടമ ഈ വീട് വാങ്ങിയത്.

കത്തി നശിച്ച 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിന്റെ ചിത്രങ്ങൾ മോണ്ട്ഗോമെറി ഫയർ ആൻഡ് റെസ്ക്യു സർവീസ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. വീട് കത്തിയെങ്കിലും ഉള്ളിലുണ്ടായിരുന്ന പാമ്പുകൾക്ക് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല.

Advertisement
Advertisement