കില്ലർ റോബോട്ടുകൾ ആപത്തോ ? നിരോധന ശ്രമത്തിനെതിരെ യു.എസ്

Monday 06 December 2021 12:26 AM IST

ന്യൂയോർക്ക് : ' കില്ലർ റോബോട്ടുകൾ ' എന്നറിയപ്പെടുന്ന മാരക നിർമ്മിത ബുദ്ധി ആയുധങ്ങളുടെ ഉപയോഗം തടയുന്നതിനോട് മുഖം തിരിച്ച് യു.എസ്. ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന ആശങ്കയിൽ ഇവയുടെ ഉപയോഗം നിരോധിക്കണമെന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ആവശ്യമാണ് അംഗീകരിക്കാൻ യു.എസ് വിസമ്മതിക്കുന്നത്.

എന്നാൽ, ഇത്തരം ആയുധങ്ങൾ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു ' പെരുമാറ്റച്ചട്ടം " ആകാമെന്ന് യു.എൻ ചർച്ചയിൽ യു.എസ് പ്രതിനിധി അറിയിച്ചു. മനുഷ്യ ഇടപെടൽ ഇല്ലാതെ ലക്ഷ്യങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശേഷിയുള്ള മാരക ഓട്ടണോമസ് ആയുധങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ വ്യാഴാഴ്ച ജനീവയിൽ ഒത്തുകൂടിയിരുന്നു.

ഒരു വിഭാഗം രാജ്യങ്ങൾ, ഇത്തരം ആയുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനോ നിരോധിക്കുന്നതിനോ ഉള്ള നിയമപരമായ ഉടമ്പടിയെ അനുകൂലിച്ചപ്പോൾ യു.എസ് നിർദ്ദേശത്തെ എതിർത്തു. അതിനു പകരമായി പെരുമാറ്റച്ചട്ടം വന്നാൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനും ഉത്തരവാദിത്വത്തോടെ പെരുമാറുന്നതിനും രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്ന് യു.എസ് ചൂണ്ടിക്കാട്ടി. കില്ലർ റോബോട്ടുകളുടെ ഉപയോഗം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ധാരണയിലെത്തുക എന്ന ലക്ഷ്യത്തോടെ 2017 മുതൽ യു.എൻ ജനീവയിൽ നയതന്ത്ര ചർച്ചകൾ നടത്തിവരുന്നുണ്ട്.

 എന്തുകൊണ്ട് നിർമ്മിതബുദ്ധി

മനുഷ്യന്റെ സാന്നിദ്ധ്യത്തിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധിയുടെ സാദ്ധ്യതകൾക്ക് മുൻഗണന നൽകിയുള്ള സാങ്കേതികവിദ്യകൾ പ്രതിരോധ മേഖലയിൽ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ഗവേഷണങ്ങളിലാണ് പല വികസിത രാജ്യങ്ങളും. വർദ്ധിച്ചു വരുന്ന സംഘർഷങ്ങളും മത്സരബുദ്ധിയും കണക്കിലെടുത്ത് ഇത്തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയുധങ്ങളുടെയും മറ്റും ഗവേഷണങ്ങളും പരീക്ഷണങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ മുന്നിൽ.

നിർമ്മിതബുദ്ധിയുടെ നിയന്ത്രണത്തിലുള്ള ആയുധങ്ങൾ യുദ്ധ മേഖലയിലുണ്ടാകുന്ന വീഴ്ചകൾ കുറയ്ക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിസങ്കീർണായ സാഹചര്യങ്ങളിൽ ഒരു യന്ത്രത്തിന് മനുഷ്യനേക്കാൾ കൂടുതൽ കൃത്യതയോടെ തീരുമാനങ്ങളെടുക്കാനും വേഗത്തിൽ പ്രവർത്തിക്കാനും കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

 ആപത്ത് ക്ഷണിച്ച് വരുത്തുമോ ?

കില്ലർ റോബോട്ടുകളുടെയും നിർമ്മിതബുദ്ധി ആയുധങ്ങളുടെ ഗവേഷണവും ഉപയോഗവും നിരോധിക്കാൻ ലോകത്ത് വിവിധ രാജ്യങ്ങളുടെ പിന്തുണയോടെ നിരവധി കാമ്പയ്നുകൾ സജീവമാണ്. കില്ലർ റോബോട്ടുകളുടെ ഉപയോഗം ഭാവിയിൽ അന്താരാഷ്ട്ര സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന അപകട സാദ്ധ്യതകൾ സൃഷ്ടിക്കുമെന്നാണ് പ്രധാന ആശങ്ക. യുദ്ധ മേഖലയിലെ ഉപയോഗം ലക്ഷ്യമിട്ട് ഭാവിയിൽ നിർമ്മിക്കപ്പെട്ടേക്കാവുന്ന മനുഷ്യന്റെ സഹായമില്ലാതെ പ്രവർത്തിക്കാൻ ശേഷിയുള്ള കില്ലർ റോബോട്ടുകൾ ഒടുവിൽ മനുഷ്യന് തന്നെ അപകടമായി വരാമെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. നിലവിൽ സിനിമകളിലൊക്കെ കാണുന്ന പോലെ പ്രോഗ്രാം ചെയ്ത ചിപ്പുകളുടെ നിയന്ത്രണത്തിൽ സ്വയം തീരുമാനങ്ങളെടുക്കുന്ന ഭീകരൻമാരായ കില്ലർ റോബോട്ടുകൾ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, നിർമ്മിതബുദ്ധിയുടെ വളർച്ച അപകടകരമായ രീതിയിൽ തുടർന്നാൽ ഭാവിയിൽ ഇത്തരം ആയുധങ്ങളുടെ ആവിർഭാവം തള്ളിക്കളയാനാകില്ല.

Advertisement
Advertisement