സ്ത്രീകളുടെ സമ്മതമില്ലാതെയുള്ള വിവാഹം അനുവദിക്കില്ല : താലിബാൻ

Monday 06 December 2021 12:43 AM IST

കാബൂൾ : അഫ്ഗാനിൽ വിവാഹത്തിന് മുൻപ് സ്ത്രീകളുടെ സമ്മതം നിർബന്ധമായും വാങ്ങിയിരിക്കണമെന്ന് താലിബാൻ. സ്ത്രീകളെ വില്പനവസ്തുവായി കാണാൻ ആരേയും അനുവദിക്കില്ലെന്നും വിധവകൾക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശമുണ്ടായിരിക്കുമെന്നും താലിബാൻ വക്താവായ സബിഹുള്ള മുഹാജിദ് പ്രഖ്യാപിച്ചു.

രാജ്യത്ത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള തർക്കം തീർക്കാനോ പണമിടപാടുകൾക്ക് പകരമായോ സ്ത്രീകളെ കൈമാറ്റം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടയിലാണ് പുതിയ തീരുമാനം. സ്ത്രീ എന്നു പറയുന്നത് ഒരു വസ്തുവല്ല. മറിച്ച് സ്വാതന്ത്ര്യമുള്ള വ്യക്തിയാണ്. സമാധാനത്തിനോ ശത്രുത അവസാനിപ്പിക്കാനോ ആയി അവളെ ആർക്കും കൈമാറാൻ പാടില്ല.- താലിബാൻ വക്താവ് സബിഹുള്ള മുഹാജിദ് പറഞ്ഞു.

വിധികൾ പുറപ്പെടുവിക്കുമ്പോൾ കോടതികൾ ഇക്കാര്യം പരിഗണിക്കണമെന്നും മതസ്ഥാപനങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് പ്രത്യേക പരിഗണന നല്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദേശരാജ്യങ്ങൾ അഫ്ഗാന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി.

രാജ്യത്ത് പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനും അനുമതി നല്കിയിട്ടുണ്ടെന്ന് താലിബാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫണ്ടുകൾ മരവിപ്പിക്കപ്പെട്ട സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. അഫ്ഗാനിസ്ഥാനുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും ഭരണകൂടത്തെ അംഗീകരിക്കാനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് താലിബാൻ ഭരണകൂടത്തോട് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement