ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്ന പ്രതി പിടിയിൽ

Monday 06 December 2021 12:48 AM IST

വെഞ്ഞാറമൂട്: ആലിയാട് ചേലയം ഭഗവതി ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകൾ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവർന്ന പ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് മൂളയം സ്വദേശി കഞ്ചാവ് ശശി എന്നറിയപ്പെടുന്ന ശശിയാണ് (40) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 12 മണിക്കുശേഷമാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. പിറകുവശത്തെ മതിൽചാടി ക്ഷേത്രത്തിനുള്ളിൽ കടന്ന പ്രതി നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, കൈവിളക്ക്, ചെമ്പുകുടം, ചുറ്റുവിളക്ക് മുതലായവയാണ് അപഹരിച്ചത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണവിവരം ആദ്യമറിഞ്ഞത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ക്ഷേത്രം ഭാരവാഹികൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഏകദേശം 15000 രൂപയുടെ സാധനങ്ങളാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്.

ലഹരിക്കടിമയായ പ്രതി നേരത്തെയും സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. മോഷണ മുതലുകൾ സ്ഥിരം സങ്കേതമായ മൂളയം പാലത്തിനടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് കുറച്ചു കുറച്ചായി ആക്രിക്കടയിലെത്തിച്ച് വില്പന നടത്തും. സംശയത്തെ തുടർന്ന് ഇയാളെ പിന്തുടർന്ന പൊലീസ് വൈയ്യേറ്റുള്ള ആക്രിക്കടയിൽ നിന്നാണ് അറസ്റ്ര് ചെയ്തത്.

വെഞ്ഞാറമൂട് ഇൻസ്പെക്ടർ സൈജുനാഥിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അമൃത് സിംഗ് നായകം, സി.പി.ഒ ഗോപകുമാർ, ഹോം ഗാർഡ് ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.