അതിർത്തിയിൽ വൻ സേനാവിന്യാസം : യുക്രൈനെതിരെ യുദ്ധത്തിനൊരുങ്ങി റഷ്യ

Monday 06 December 2021 12:02 AM IST

വാഷിംഗ്ടൺ: യുക്രൈൻ അതിർത്തിയിൽ വൻ സൈനിക സന്നാഹത്തെ വിന്യസിച്ച് റഷ്യ. അടുത്ത വർഷമാദ്യം യുക്രൈനുനേരെ റഷ്യൻ സൈന്യത്തിന്റെ ആക്രമണമുണ്ടാകുമെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചതായി 'വാഷിങ്ടൺ പോസ്റ്റ് ' റിപ്പോർട്ടുചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രദേശത്ത് റഷ്യ രണ്ടു ലക്ഷത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അടുത്തമാസം തങ്ങൾക്കുനേരെ ആക്രമണമുണ്ടായേക്കുമെന്നും യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സിയ് റെസ്നികോവ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ 100 റഷ്യൻ ബറ്റാലിയനുകൾ തയാറെടുക്കുന്നുണ്ട്. നാലു കേന്ദ്രങ്ങളിലായി 50 പോർമുഖങ്ങളിൽ നിന്ന് യുക്രൈനെ ആക്രമിക്കാനാണ് റഷ്യൻ പദ്ധതിയെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ഇതു കൂടാതെ നാറ്റോസേനയിൽ ചേരാൻ യുക്രൈനെ അനുവദിക്കരുതെന്ന് പുടിൻ,​ ജോ ബൈഡനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേ സമയം യുക്രൈനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് റഷ്യ മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നല്കി. വിഷയത്തിൽ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നാളെ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും.

എന്നാൽ യുക്രൈനെതിരെ യുദ്ധത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ വെറും മാദ്ധ്യമ സൃഷ്ടിയാണെന്ന് റഷ്യ പ്രതികരിച്ചു. നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണമാക്കാൻ ഇത്തരം വാർത്തകൾ കാരണമാകുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 2014ൽ വിമതരുടെ പിന്തുണയോടെ യുക്രൈനിന്റെ ഭാഗമായിരുന്ന ക്രിമിയ റഷ്യ പിടിച്ചെടുത്തിരുന്നു. അന്ന് 13000 ത്തോളം പേരാണ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.

Advertisement
Advertisement