ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ 'പവർ"മാനെ പണം വെല്ലുവിളിക്കുന്നു

Monday 06 December 2021 1:17 AM IST

ആലപ്പുഴ: തുർക്കിയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പതിനെട്ടുകാരന്റെ സുവർണാവസരത്തിന് സാമ്പത്തികം വെല്ലുവിളിയാകുന്നു. മണ്ണഞ്ചേരി 13-ാം വാർഡ് ചീതപ്പറമ്പിൽ സന്തോഷ് - സ്മിത ദമ്പതികളുടെ മകനും എസി.ഡി കോളേജ് ബിരുദ വിദ്യാർത്ഥിയുമായ എസ്. അഭിജിത്തിന് പവർ ലിഫ്ടിംഗ് സബ് ജൂനിയർ വിഭാഗത്തിലാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. 24 മുതൽ 30 വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് 2.25 ലക്ഷം രൂപ മത്സരാർത്ഥികൾ വഹിക്കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ചെലവ് താങ്ങാവുന്നതല്ല. അഭിജിത്തിന്റെ വിഷമം മനസിലാക്കിയതോടെ തുക സമാഹരിക്കാനുള്ള പരിശ്രമത്തിലാണ് ജില്ലാ പഞ്ചായത്തംഗം ആർ.റിയാസും സന്നദ്ധ സംഘടനകളും. ആറാം ക്ലാസ് മുതൽ പവർ ലിഫ്ടിംഗ് പരിശീലിക്കുന്ന അഭിജിത്ത് 2017ൽ സ്കൂൾതലത്തിൽ വെങ്കലവും 2018ൽ വെള്ളിയും 2019ൽ സബ് ജൂനിയർ വിഭാഗത്തിൽ വെള്ളിയും നേടിയിരുന്നു. വലിയകലവൂർ ശ്രീകൃഷ്ണാ ജിമ്മിൽ വി.എൻ. രാജുവാണ് അഭിജിത്തിന്റെ പരിശീലകൻ. സഹോദരൻ അഭിഷേക് 9ാം ക്ലാസ് വിദ്യാർത്ഥിയാണ്.