റോഡരികിലെ ഫ്ലക്‌സ് ബോർഡ് മാറ്റിയില്ലെങ്കിൽ ഇനി കേസാകും

Monday 06 December 2021 2:34 AM IST

 നീക്കം ചെയ്യാൻ നഗരസഭ നടപടി തുടങ്ങി

തിരുവനന്തപുരം: പൊതുനിരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ളക്‌സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാനുള്ള ശക്തമായ നടപടിയുമായി നഗരസഭ. ആദ്യ ഘട്ടമെന്ന നിലയിൽ 25 ഫ്ളക്‌സുകൾ ജീവനക്കാരെ കൊണ്ട് നീക്കം ചെയ്യിച്ചു. ഇതിന്റെ തുക വൈകാതെ ഫ്ളക്‌സ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഈടാക്കും. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നഗരസഭാ സെക്രട്ടറി ഫ്ളക്‌സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും യാതൊരുവിധ മറുപടിയും ലഭിച്ചില്ല.

ഒരാഴ്ച്ചയ്ക്കുള്ളിൽ എല്ലാ ബോർഡുകളും നീക്കം ചെയ്‌തില്ലെങ്കിൽ ഫ്ളക്സ് ഇരിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിൽ നഗരസഭാ സെക്രട്ടറി പരാതി നൽകാനാണ് തീരുമാനം. പാർട്ടിക്കാർ മാറ്റിയില്ലെങ്കിൽ റവന്യൂ ഇൻസ്പെകർ ഉൾപ്പെടുന്ന ഒരു സ്വകാഡ് രൂപീകരിച്ച് നഗരസഭാ തൊഴിലാളികളെ കൊണ്ട് ഫ്ളക്‌സ് നീക്കും. ഇതിന്റെ മുഴുവൻ ചെലവും നഗരസഭയുടെ ഫൈനും ചേർത്ത് അതത് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. സെക്രട്ടറി പൊലീസിന് നൽകുന്ന പരാതിയിൽ ക്രിമിനൽ കേസ് വരെ ചാർ‌ജ് ചെയ്യും. ഹൈക്കോടതിയുടെ കർശന നിലപാടിന് പിന്നാലെയാണ് നഗരസഭ കടുപ്പിച്ചത്.

പരിപാടികൾ കുന്നുകൂടി

അത് പോലെ ഫ്ലക്‌സും

ചെറിയ പരിപാടിയായാലും ഫ്ളക്‌സ് അടിച്ച് റോഡിൽ വയ്‌ക്കുകയാണ് പതിവ്. രാഷ്ട്രീയ പാർട്ടികൾക്കുപുറമേ മറ്റ് സംഘടനകളും ഇങ്ങനെ ചെയ്യുന്നതിനാൽ നഗരം മുഴുവനും ഫ്ളക്‌സ് മയമാണ്.

കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്‌സുകൾ നീക്കം ചെയ്യാത്തതിനെതിരെ നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസിനെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും പെട്ടെന്ന് നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. നഗരത്തിന്റെ തനിമ നഷ്ടപ്പെടുന്ന രീതിയിലാണ് ഫ്ളകസുകളും കൊടിതോരണങ്ങളും പല സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപക്ഷ പാർട്ടിയുടെ ഫ്ളക്‌സുകൾ മാറ്റാൻ ജില്ലാഘടകത്തോട് മേയർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Advertisement
Advertisement