പാർട്ടിയിൽ പങ്കെടുക്കുന്നതിന് 1000 രൂപ, മദ്യത്തിനും ലഹരിയ്‌ക്കും തുക വേറെ; പൂവാറിലെ ഡിജെ പാ‌ർട്ടി സംഘാടകൻ അക്ഷയ് ലഹരി കടത്തുന്നതിൽ വീരൻ

Monday 06 December 2021 10:58 AM IST

തിരുവനന്തപുരം: പൂവാർ റിസോർട്ടിലെ ലഹരി പാർട്ടിയുടെ മുഖ്യ സൂത്രധാരൻ അക്ഷയ് മോഹന്റെ പേരിൽ മുമ്പും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കേരളത്തിൽ മാത്രമല്ല മറ്റു നാടുകളിലും നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ അക്ഷയ് ലഹരി പാർട്ടി നടത്താറുണ്ട്. പാർട്ടിയിൽ പങ്കെടുത്ത തിരുവനന്തപുരത്തെ ഒരു മോഡലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളിലൂടെയാണ് പാർട്ടിയിൽ പങ്കെടുക്കാൻ ആളുകളെ സംഘടിപ്പിച്ചിരുന്നത്. ആയിരം രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.

പെൺകുട്ടികളടക്കം പങ്കെടുക്കുന്ന നിർവാണയുടെ പാർട്ടികളിൽ പങ്കെടുക്കാൻ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ആൾക്കാർ എത്താറുണ്ട്. മദ്യത്തിനും ലഹരിക്കും വേണ്ട തുക പ്രത്യേകം കൈയിൽ കരുതണം. അക്ഷയുടെ അടുത്ത സുഹൃത്തുക്കളായ അഷിറും പീറ്റർ ഷാനും ഈ മേഖലയിലെ വിഗ്ദ്ധന്മാരാണ്. വീര്യം കുറഞ്ഞതും കൂടിയതുമായി പല തരത്തിലുള്ള ഐറ്റംസും അക്ഷയുടെയും സംഘത്തിന്റെയും പക്കലുണ്ട്. മൂവരും കൂടി ചേർന്നാണ് നിർവാണ മ്യൂസിക് ഫെസ്റ്റ് നടത്തുന്നത്. ആവശ്യം പറഞ്ഞാൽ അതിനനുസരിച്ച് സംഗതി എത്തിച്ചു തരും.

കടുത്ത വീര്യമുള്ള ലഹരിപദാർത്ഥങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും. എംഡിഎംഎയും എൽഎസ്ഡിയും ഹാഷിഷ് ഓയിലുമെല്ലാം പാർട്ടിയിലെ സ്ഥിരം സാന്നിദ്ധ്യങ്ങളാണ്. മുംബയ്, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ലഹരി കേരളത്തിലേക്ക് ഇവർ എത്തിക്കുന്നത്. വൈകിട്ട് ആറ് മണിയോടെ തുടങ്ങുന്ന പാർട്ടി അർദ്ധരാത്രിയോടെയാണ് മാരക ലഹരി മരുന്നുകളിലേക്ക് മാറുന്നത്. ഒരിക്കൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസം അകത്ത് കിടന്ന ശേഷമാണ് പുറം ലോകം കണ്ടത്. പൈസയെല്ലാം ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടിയിൽ അഞ്ച് ലക്ഷത്തിന്റെ ഇടപാട് നടന്നതായും പൊലീസ് പറയുന്നു.

Advertisement
Advertisement