ഇന്ത്യൻ ജുഡിഷ്യൽ സർവീസ് വരുമോ?

Tuesday 07 December 2021 12:00 AM IST

ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്റെ ചട്ടക്കൂട് പരിഷ്കരിക്കാനായുള്ള രണ്ട് പഴയ നിർദ്ദേശങ്ങൾക്ക് വീണ്ടും ജീവൻ വെച്ചിരിക്കുന്നു. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകളുടെ മാതൃകയിൽ ഇന്ത്യൻ ജുഡിഷ്യൽ സർവീസ് രൂപീകരിക്കണമെന്ന, 63 വർഷം പഴക്കമുള്ള നിർദ്ദേശം വീണ്ടും മുന്നോട്ട് വെച്ചിരിക്കുന്നത് കേന്ദ്രസർക്കാർ തന്നെയാണ്. സംസ്ഥാന സർക്കാരുകളുമായി സമവായം തേടാനും, അടുത്തവർഷം മാർച്ചിൽ നടപ്പിലാക്കാനുമുള്ള ശ്രമത്തിലാണ് കേന്ദ്രം.

അഖിലേന്ത്യാ തലത്തിലുള്ള ജുഡിഷ്യൽ സർവീസ് അനിവാര്യമാണെന്ന് ആദ്യം രേഖപ്പെടുത്തിയത് ലാ കമ്മിഷന്റെ പതിന്നാലാം റിപ്പോർട്ടിലായിരുന്നു (1958). പിന്നീട് പലപ്പോഴായി ഇതേ നിർദ്ദേശം ദേശീയ നിയമ കമ്മിഷൻ, പാർലമെൻറ് സമിതികൾ തുടങ്ങിയവയും ആവർത്തിച്ചിരുന്നു. 1976 ൽ നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതികളിൽ, ജില്ലാ ജഡ്ജി മുതൽ താഴോട്ടുള്ള ന്യായാധിപരുടെ നിയമനത്തിനുള്ള നിയമം പാസാക്കാൻ രാജ്യസഭയ്ക്ക് അനുവാദം നല്‌കിയിരുന്നു. എന്നാൽ പല കാരണങ്ങളാൽ മേൽനടപടികൾ ഉണ്ടായില്ല. ജില്ലാ / സെഷൻസ് മുതൽ താഴോട്ടുള്ള കോടതികളിലെ ജുഡിഷ്യൽ ഓഫീസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇപ്പോൾ നിർവഹിക്കുന്നത് മിക്കവാറും സംസ്ഥാനങ്ങളിലെ ഹൈക്കോടതികളാണ്. ഇതിനുപകരം യൂണിയൻപബ്ലിക് സർവീസ് കമ്മിഷൻ പോലെ ഒരു സ്വതന്ത്ര സ്ഥാപനം രൂപീകരിച്ച് അതിന്റെ മേൽനോട്ടത്തിൽ , ആണ്ടുതോറും, അഖിലേന്ത്യാ മത്സരപരീക്ഷയും ഇന്റർവ്യൂവും നടത്തി റിക്രൂട്ട് ചെയ്യുന്നതും കൂടുതൽ ഗുണകരമാകുമെന്നാണ് ഇതിനായി വാദിക്കുന്നവരുടെ നിലപാട്. സബോർഡിനേറ്റ് ജുഡിഷ്യറിയുടെ രംഗത്ത് എണ്ണത്തിലും മേന്മയിലും കൂടുതൽ മെച്ചപ്പെട്ട പ്രതിഭാശേഖരം രൂപപ്പെടുത്താൻ കഴിയുമെന്നതാണ് പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിലൂടെ വേക്കൻസികളെല്ലാം നികത്താനുമാകും . സുപ്രീം കോടതി റിപ്പോർട്ട് പ്രകാരം 2020 ജൂലൈ 20 -ലെ നിലയനുസരിച്ച് ഒഴിഞ്ഞുകിടക്കുന്നത് 4835 വേക്കൻസികളാണ്. പൊതുവിൽ, കാലവിളംബമുണ്ടാക്കുന്ന നിലവിലെ നിയമന പ്രക്രിയയ്‌ക്ക് പരിഹാരം ഉണ്ടാകുമെന്നതും, മത്സരപരീക്ഷകളുടെ മൂല്യനിർണയത്തിലും ഇന്റർവ്യൂവിലും ഇപ്പോൾ വിവിധ ഹൈക്കോടതികൾ അനുവർത്തിച്ചുവരുന്ന വ്യത്യസ്ത അളവു കോലുകൾക്ക് പകരം ഒരു പൊതുമാനദണ്ഡം രൂപീകരിക്കാനാകും എന്നതുമാണ് നേട്ടം. നിയമന പ്രക്രിയയിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ സന്ദർഭത്തിൽ പാർലമെൻറ് അംഗമായിരുന്ന വർക്കല രാധാകൃഷ്ണൻ 2009-ൽ ലോക്‌സഭയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ന്യായാധിപന്മാരെ ന്യായാധിപന്മാർ തന്നെ നിയമിക്കുന്ന നമ്മുടെ നാട്ടിലെ രീതി പാർലമെന്ററി ജനാധിപത്യം നിലനില്‌ക്കുന്ന മറ്റു രാജ്യങ്ങളിലൊന്നും കാണാൻ കഴിയില്ലെന്ന നിരീക്ഷണമാണ് അദ്ദേഹം നടത്തിയത്. കൂടാതെ അഖിലേന്ത്യാ തലത്തിലുള്ള റിക്രൂട്ട്മെന്റ് വഴി വേഗത്തിൽ നിയമനം നടക്കുമെന്നതിനാൽ ഇപ്പോൾ ജില്ലാ കോടതികളിലും കീഴ്കോടതികളിലും തീർപ്പാകാതെ കിടക്കുന്ന 3.9 കോടി കേസുകളിൽ കാര്യമായ കുറവുണ്ടാകുമെന്ന ഗുണവുമുണ്ട്. കേന്ദ്രീകൃത റിക്രൂട്ട്മെന്റ് എതിർക്കുന്നവർ ഉയർത്തുന്ന പ്രധാന വാദം ഭാഷാപരമായ കടമ്പകളെക്കുറിച്ചാണ് . അഖിലേന്ത്യാ സർവീസ് ആയതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെടുന്ന ജുഡിഷ്യൽ ഓഫീസർമാർക്ക് അവരവരുടെ സ്വന്തം സംസ്ഥാനങ്ങളിൽ നിയമനം ലഭിക്കണമെന്നില്ല. നിയമിക്കപ്പെടുന്ന സംസ്ഥാനത്തെ ഭാഷ കൃത്യമായി അറിയാൻ കഴിയാത്തത് നീതിനിർവഹണ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജുഡിഷ്യൽ ഓഫീസർമാർക്ക് സാക്ഷിമൊഴികൾ നേരിട്ട് രേഖപ്പെടുത്തേണ്ടതുണ്ട്. കുറ്റാരോപിതരോട് അവരുടെ നിയമലംഘനങ്ങൾ വിശദീകരിക്കേണ്ടതായും വരാം. ഇതൊക്കെ പ്രാദേശിക ഭാഷകളിൽ പ്രാവീണ്യമില്ലാത്ത ന്യായാധിപന് ക്ലേശകരമാകും. എന്നാൽ സംസ്ഥാനതലത്തിലുള്ള ജുഡിഷ്യൽ അക്കാഡമികൾ വഴി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന മറുവാദവും ഉയരുന്നുണ്ട്.

പ്രാദേശികതലത്തിലുള്ള ചില പ്രത്യേക സംവരണങ്ങൾ അഖിലേന്ത്യാ സർവീസിൽ നഷ്ടപ്പെടുമെന്ന ആശങ്ക ചിലർ പങ്കുവയ്‌ക്കുന്നുണ്ട്. അഖിലേന്ത്യാ തലത്തിലുള്ള നിയമനത്തിനെതിരെ ഉയരുന്ന മറ്റൊരു പരാതി അത് ഫെഡറൽ സംവിധാനത്തിന്മേലുള്ള കടന്നുകയറ്റമെന്നതാണ്. ഇപ്പോൾ ഹൈക്കോടതികൾക്കും ചിലയിടങ്ങളിൽ സർക്കാരുകൾക്കുമുള്ള നിയമനാധികാരം കവർന്നെടുക്കുന്ന നിർദ്ദേശമാണെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ ഈ പരിഷ്കാരം നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാരുകളുമായി കേന്ദ്രം ചർച്ച നടത്തുമെന്ന പ്രഖ്യാപനത്തിന് പ്രസക്തിയേറുന്നു. ദേശീയ അപ്പീൽ കോടതികളെന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത്, 1986-ൽ, സുപ്രീം കോടതി തന്നെയായിരുന്നു; എന്നാൽ തത്വം പ്രയോഗത്തിലെത്താതെ പോയി. പിന്നീട് ഇക്കാര്യത്തിനായി പല പെറ്റീഷനുകളും സുപ്രീംകോടതിയിൽ വന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ എതിർപ്പ് കാരണം അവയെല്ലാം തള്ളിപ്പോയിരുന്നു. വീണ്ടും ഈ നിർദ്ദേശം ഇപ്പോൾ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഉന്നയിച്ചിരിക്കുന്നു. ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ തീർപ്പാക്കാനായി ഇന്ത്യയിലെ നാല് കേന്ദ്രങ്ങളിൽ അപ്പീൽകോടതികൾ വേണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. സിവിൽ, തൊഴിൽ, വിവാഹം തുടങ്ങിയ വിഷയങ്ങളിലുള്ള അപ്പീലുകൾ ഈ കോടതികൾക്ക് വിട്ടുകൊടുക്കണമെന്നും ഭരണഘടന സംബന്ധമായ വിഷയങ്ങൾ, മരണശിക്ഷ, പ്രത്യേകമായി റഫർ ചെയ്യുന്ന കേസുകൾ തുടങ്ങിയവയിൽ സുപ്രീംകോടതി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതാണ് നിർദ്ദേശം. അപ്പീൽ കോടതികളുടെ രൂപീകരണം വഴി സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി തീർപ്പാക്കാനും കഴിയും. ഇപ്പോൾ 69000 ത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇവയിൽ ഒട്ടേറെ കേസുകൾ 10 വർഷത്തിലേറെ കാലതാമസം നേരിടുന്നവയാണ്. അറ്റോർണി ജനറലിന്റ അഭിപ്രായത്തിൽ, പൊതുവിൽ, കീഴ്ക്കോടതികൾ കടന്ന് ഹൈക്കോടതിയുടെ തീർപ്പിന് പാത്രമാകാൻ തന്നെ പത്ത് വർഷം വേണ്ടിവരും. ഇതിനു പുറമേയാണ് സുപ്രീംകോടതിയിലുണ്ടാകുന്ന കാലതാമസം. അതുകൊണ്ടുതന്നെ ഇൗ നിർദ്ദേശം ഗൗരവകരമായ പരിഗണന അർഹിക്കുന്നുണ്ട്.

Advertisement
Advertisement