പന്ത് കേരളത്തിന്റെ കോർട്ടിൽ

Tuesday 07 December 2021 12:00 AM IST

സ്വാതന്ത്ര്യലബ്ധിക്കുശേഷം നിലനില്പില്ലാതായ മുല്ലപ്പെരിയാർ പാട്ടക്കരാർ 1970 ൽ സംസ്ഥാന സർക്കാർ മുൻകാല പ്രാബല്യത്തോടെ പുതുക്കിയപ്പോൾ എന്തുകൊണ്ട് കേരളത്തിന് അനുകൂലമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. പുതുക്കിയ കരാറിൽ ഏക്കറിന് 30 രൂപവീതമാണ് വാർഷിക പാട്ടത്തുക നിശ്ചയിച്ചിരിക്കുന്നത്. അത് 30 വർഷത്തിലൊരിക്കൽ വീണ്ടും പുതുക്കണമെന്നും വ്യവസ്ഥയുണ്ട്. അതിനർത്ഥം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം കേരളത്തിന് ആണെന്നാണ്. അതനുസരിച്ച് 28.05. 2000 ൽ പാട്ടത്തുക സംബന്ധിച്ച കരാർ പുതുക്കേണ്ടിയിരുന്നു. അല്പം വൈകിയെങ്കിലും ഈ കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ ജലവിഭവവകുപ്പും നിയമവകുപ്പും സംയുക്തമായി ഒരു ഡ്രാഫ്റ്റ് എഗ്രിമെന്റ് തയ്യാറാക്കി തമിഴ്നാടിന് നല്കണം. അതിനോട് അവർ പ്രതികരിക്കാതിരുന്നാൽ ആ കാര്യം കേരളത്തിന് സുപ്രീംകോടതിയുടെ മുമ്പാകെ അവതരിപ്പിക്കാം. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം കേരളത്തിനാണെന്ന് തെളിയിക്കുന്നതിനുള്ള സുവർണാവസരമാണ് നാം പാഴാക്കുന്നത്. അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്ക നിലനില്‌ക്കുമ്പോഴും മുല്ലപ്പെരിയാറ്റിൽ പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തിന് സാദ്ധ്യതയില്ലെന്നാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് നല്കിയത്. പുതിയ അണക്കെട്ടിന്റെ സാദ്ധ്യത സംബന്ധിച്ച് വിദഗ്ദ്ധ സമിതിയോ തമിഴ്നാട് സർക്കാരോ യാതൊരുവിധപഠനവും നടത്തിയിട്ടില്ല. അത്തരമൊരു റിപ്പോർട്ട് കേരളത്തിന് നൽകിയതായി അറിയുകയുമില്ല. അതുകൊണ്ടുതന്നെ തമിഴ്നാടിന് വേണ്ടി തയ്യാറാക്കിയ ഈ ഏകപക്ഷീയ റിപ്പോർട്ടിനെ കേരളം ചോദ്യം ചെയ്തേ മതിയാകൂ. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ അണക്കെട്ടുകൾക്കും റൂൾ കർവ് നിശ്ചയിക്കുന്നതിന് കേന്ദ്ര ജലകമ്മിഷൻ ആവശ്യപ്പെട്ട വിവരങ്ങൾ നല്കാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

വി. വിജയൻ സിവിൽ എൻജിനീയർ (റിട്ട.)

ഡാം സേഫ്ടി വിഭാഗം, മഹാരാഷ്ട്ര.

തമിഴ്നാടിന്റെ ധിക്കാരം അനുവദിക്കരുത്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളകൗമുദി ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ്. പ്രശ്നത്തിന് രമ്യമായ പരിഹാരം ഉണ്ടാവണം.

അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് തമിഴ്നാടിനും സുപ്രീം കോടതിക്കും ശരിയായ ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് 152 അടിയിൽ നിന്ന് പല ഘട്ടങ്ങളിലായി 136 അടിയിലേക്ക് സംഭരണശേഷി കുറച്ചത്. പിന്നീട് ചില അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും 152 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന തമിഴ്നാടിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. എങ്കിലും അവരുടെ ആവശ്യത്തിന് ഒരു പരിഗണന എന്ന നിലയിൽ 142 അടി വരെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കുകയും ചെയ്തു. ജലനിരപ്പ് കുറച്ച് നിറുത്തിയാലും തമിഴ്നാടിന്റെ ജലലഭ്യത കുറയുന്നില്ല എന്ന വസ്തുത വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളകൗമുദി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിഷയം സംസ്ഥാന സർക്കാർ വിലയിരുത്തണം. വസ്തുതകൾ സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞാൽ കേരളത്തിന്റെ വാദം ബലപ്പെടും.

നിലവിൽ 142 അടി വരെ വെള്ളം സംഭരിക്കാമെന്ന കോടതി വിധിയുടെ പിൻബലത്തിൽ തമിഴ്നാട് നടത്തുന്ന ധിക്കാരപരമായ സമീപനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല. രാത്രിയിൽ മതിയായ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഉദ്യോഗസ്ഥർ അണക്കെട്ട് തുറന്നു വിടുന്നത് താഴ്വരയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. കേരളത്തിന്റെ ഭാഗത്തു നിന്ന് അണക്കെട്ടിൽ നിരീക്ഷണത്തിനും ദൈനംദിന മേൽനോട്ട ജോലികൾക്കും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല എന്നതും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

വാഴൂർ സോമൻ

പീരുമേട് എം.എൽ.എ

(പീരുമേട് മണ്ഡലത്തിലാണ് മുല്ലപ്പെരിയാർ ഡാം)

Advertisement
Advertisement