കടിഞ്ഞാണിടേണ്ട ലഹരി പാർട്ടികൾ

Tuesday 07 December 2021 12:00 AM IST

ലഹരിമാഫിയയുടെ വിഷവേരുകൾ കൊച്ചിയിൽ നിന്ന് സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലേക്കും നീളുന്നുവെന്നതിന്റെ ശക്തമായ തെളിവാണ് തിരുവനന്തപുരം പൂവാറിൽ ആഡംബര റിസോർട്ടിൽ നടന്ന എക്സൈസ് റെയ്‌ഡ്. കൊലക്കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായതിനു പുറമെ മറ്റു പതിന്നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കായൽതുരുത്തിൽ ഒറ്റപ്പെട്ട സ്ഥലത്തുള്ള റിസോർട്ടിൽ സ്ഥിരമായി ലഹരി പാർട്ടികൾ നടക്കുന്ന വിവരം അറിഞ്ഞെത്തിയ എക്സൈസ് സംഘം നിരോധിക്കപ്പെട്ടവ ഉൾപ്പെടെ പലതരം ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. വലിയ തുക ഈടാക്കി പാർട്ടിയിൽ പങ്കെടുക്കുന്നവർക്ക് ഇവ നല്‌കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി ദിവസം മുഴുവൻ നീളുന്ന ഡി.ജെ പാർട്ടികളിൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ പോലും പങ്കെടുക്കാറുണ്ടെന്നാണ് വിവരം. സ്ഥിരമായി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവരിൽ പ്രമുഖരും ഉണ്ടാകും. ബിസിനസിന് തുണയാകുന്നതും ഇവരൊക്കെയാകും.

പൂവാറിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും എക്സൈസ് റെയ്‌ഡ് നടക്കുമ്പോൾ കൊച്ചിയിലെ ഒരു ഫ്ളാറ്റിൽ ചൂതാട്ടകേന്ദ്രത്തിൽ നടന്ന പൊലീസ് റെയ്‌ഡും അറസ്റ്റും വാർത്താപ്രാധാന്യം നേടി. വിദേശ ചൂതാട്ടകേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന സൗകര്യങ്ങളോടെയാണത്രെ ഫ്ളാറ്റിലെ കേന്ദ്രം നടന്നുവന്നത്. ദുരൂഹമായ കാറപകടത്തിൽ മോഡലുകളായ രണ്ട് യുവതികൾ ദാരുണമായി മരണപ്പെട്ടതുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് ചില ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുവേട്ട നടത്തുന്നത്. അതിനിടയിലാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്. നടത്തിപ്പുകാരനായ യുവാവ് അറസ്റ്റിലായിട്ടുണ്ട്. പൊലീസിലെ നർക്കോട്ടിക് സെല്ലും റെയ്‌ഡിൽ പങ്കെടുത്തിരുന്നു.

ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ലഹരിപാർട്ടിയിൽ പങ്കെടുത്തു മടങ്ങിയ മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിക്കാൻ അന്വേഷണസംഘം പാടുപെടുകയാണ്. പൊലീസിലെ തന്നെ ഉന്നതരുടെ സഹായവും പരിരക്ഷയും ലഭിച്ചിരുന്ന ഹോട്ടലിലെ സി.സി.ടിവി ഹാർഡ് ഡിസ്‌ക് കണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമവും വൃഥാവിലാകുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകൾക്കുശേഷം കായലിൽ മുങ്ങിത്തപ്പിയാൽ ഹോട്ടലുടമ നശിപ്പിക്കാൻ ഏല്പിച്ച ഹാർഡ് ഡിസ്‌ക് എവിടെ കിട്ടാൻ.

ഉല്ലാസം തേടുന്ന മനുഷ്യരെ അതിൽനിന്നു വിലക്കാനാവില്ലെങ്കിലും പാർട്ടികളിലെ മയക്കുമരുന്നുപയോഗവും നിരോധിത ലഹരിവില്പനയും കർക്കശമായി തടയുക തന്നെ വേണം. നിയമപാലകർ നിസ്വാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ ഈ ആപത്ത് തടയാനാകൂ. ലഹരി സംഘങ്ങൾക്ക് ചുരുക്കം നിയമപാലകരിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. ചെറുപൊതികളായി മാത്രം കൈമാറ്റം ചെയ്യപ്പെട്ടിരുന്ന കഞ്ചാവ് പോലും ഇപ്പോൾ സംസ്ഥാനത്തെത്തുന്നത് ക്വിന്റൽ കണക്കിനാണ്. പുതിയൊരു അധോലോക സാമ്രാജ്യം തന്നെ ഇവയ്ക്കു പിന്നിൽ വളർന്നുകഴിഞ്ഞു. ലഹരിസംഘങ്ങൾ ക്രിമിനൽ സംഘങ്ങൾക്കും ജന്മം നൽകുന്നു.

ജനങ്ങളും നിയമപാലകരും ഒരുപോലെ സസൂക്ഷ്മം വീക്ഷിച്ചാൽ മാത്രമേ ലഹരിവ്യാപാരവും ലഹരിപാർട്ടികളും മറ്റും നിയന്ത്രിക്കാനാകൂ. ലഹരി കേസുകളിലെ പ്രതികളെ വേഗം വിചാരണ ചെയ്ത് ശിക്ഷിക്കാനും സംവിധാനം വേണ്ടതാണ്. ലഹരി കേസുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം പ്രതികൾക്കാണ് ഗുണകരമാകുന്നത്. കേസുകൾ കോടതികളിലെത്തുമ്പോൾ പലപ്പോഴും തൊണ്ടിപോലും കാണില്ല.

പൂവാറിലെ ലഹരിപാർട്ടിയുടെ സൂത്രധാരനായ യുവാവ് വേറെയും ഇടങ്ങളിൽ ഇതുപോലുള്ള നിയമവിരുദ്ധ പ്രവൃത്തികൾ നടത്തിയിട്ടുള്ള ആളാണെന്നാണ് അന്വേഷണസംഘം പറയുന്നത്. അധോലോക പ്രവൃത്തി തുടരാൻ സാഹചര്യമുണ്ടായതു കൊണ്ടാകണമല്ലോ പൂവാറിൽ പുതിയൊരു കേന്ദ്രം തുറക്കാൻ അയാൾക്കു സാധിച്ചത്. അധികൃതരുടെ ഒത്താശയാണ് പലപ്പോഴും ഇത്തരം സംഘങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നത്.

Advertisement
Advertisement