സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

Monday 06 December 2021 10:11 PM IST

ചേലക്കര: സഹകരണ മേഖലയെ സംരക്ഷിക്കേണ്ടവർ അത് തകർക്കാനുള്ള ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയന്നൂരിൽ കെയർ ഹോം രണ്ടാംഘട്ട ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ല എന്ന നിലപാടിലേക്ക് ജനങ്ങൾ ഉയരണം. സഹകരണ പ്രസ്ഥാനത്തെ നെഹ്രുവിന്റെ കാലം മുതൽക്കേ കേന്ദ്രം പ്രേത്സാഹിപ്പിക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളവത്കരണവും, ഉദാരീകരണവും സ്വകാര്യവത്കരണവും വന്നതോടെ സഹകരണ മേഖലയ്ക്ക് തളർച്ചയാണുണ്ടായത്. നമ്മുടെ നാടിന്റെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സഹകരണ മേഖലയെ ഇങ്ങനെ പോകാൻ അനുവദിച്ചു കൂടാ എന്ന് ചിന്തിക്കുന്ന അവസ്ഥ വരെയുണ്ടായി. എന്നാൽ കേരളത്തിൽ മാത്രമാണ് സഹകരണ മേഖല മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ നാടിന്റേതാണ്, ജനങ്ങളുടേതാണ്. ഇത്തരം സംവിധാനം ഉള്ളതുകൊണ്ടാണ് കെയർ ഹോം പോലുള്ള പദ്ധതികൾ നാടിന് സാദ്ധ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സഹകരണമന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു.

പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂമന്ത്രി കെ. രാജൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കളക്ടർ ഹരിത വി. കുമാർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ്, പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ, തദ്ദേശ ജനപ്രതിനിധികളായ ദീപ എസ്. നായർ , കെ.പി. ശ്രീജയൻ, യു. അബ്ദുള്ള, ലളിതാംബിക ടി.കെ. എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement