പ്രഭുദാസിന് പിന്തുണയുമായി കെ.ജി.എം.ഒ.എ

Tuesday 07 December 2021 12:29 AM IST

തിരുവനന്തപുരം: കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭു ദാസ് ഉന്നയിച്ച പ്രശ്നങ്ങൾ ഏറ്റെടുത്ത് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) രംഗത്തെത്തി. അട്ടപ്പാടിയിലെ ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡോക്ടർമാർ അടക്കം ആരോഗ്യജീവനക്കാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കണമെന്നും അതിദുർഘട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ആത്മാർത്ഥതയും അർപ്പണബോധവും കണക്കിലെടുത്ത് അവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 17 നിർദ്ദേശങ്ങളും കെ.ജി.എം.ഒ.എ സർക്കാരിന് നൽകി.

കോട്ടത്തറ ആശുപത്രിയെ താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർത്തുന്നതോടൊപ്പം, 100 കിടക്കകളുടെ തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കണം. ഗർഭിണികളുടെയും മറ്റു രോഗികളുടെയും സ്‌കാനിംഗിന് വേണ്ടി മറ്റു ആശുപത്രികളിലേക്ക് അയയ്ക്കേണ്ട സ്ഥിതിമാറണം. ഇതിനായി റേഡിയോളജി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരെ നിയമിച്ച്, 24 മണിക്കൂർ സേവനം ഉറപ്പാക്കണം. കൃത്യസമയത്തു സ്‌കാനിംഗ് സൗകര്യം ലഭ്യമായാൽ ഗർഭിണകളുടെയും ഗർഭസ്ഥ ശിശുക്കളുടെയും പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയും. ശിശുമരണങ്ങൾ കുറയ്ക്കാനും അത് സഹായിക്കുമെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി.

Advertisement
Advertisement