വികസനം തിരയടിക്കാതെ മാരാരിക്കുളം ബീച്ച്

Tuesday 07 December 2021 12:00 AM IST

ആലപ്പുഴ: ടൂർ മൈ ഇന്ത്യയുടെ ട്രാവൽ ആൻഡ് ടൂറിസം ബ്ലോഗിൽ രാജ്യത്തെ മികച്ച 30 ബീച്ചുകളുടെ പട്ടികയിൽ ഇടംനേടിയിട്ടും മാരാരിക്കുളം ബീച്ചിൽ വികസനം വഴിമാറി നിൽക്കുന്നു. ടൂറിസം വകുപ്പ് ഒന്നര കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അഞ്ചുലക്ഷം രൂപയുടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതൊഴിച്ചാൽ വികസനം വെളിച്ചം കണ്ടിട്ടില്ല.

പുറം കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കുൾപ്പെടെ ഉപകാരപ്പെടുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ രണ്ട് ബൾബുകൾ കണ്ണടച്ചെങ്കിലും പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് വിനോദ സഞ്ചാരവകുപ്പ് കുടുംബശ്രീയെ ഉപയോഗിച്ച് നടപ്പാക്കിയ ക്ലീൻ മാരാരി പ്രോജക്ടാണ് ബീച്ചിനെ മികച്ച പട്ടികയിൽ ഇടം നേടാൻ സഹായിച്ചത്. ആഭ്യന്തര സഞ്ചാരികൾക്ക് പുറമേ, വിദേശ വിനോദസഞ്ചാരികളുൾപ്പെടെ ധാരാളമായി എത്തുന്ന ബീച്ചിൽ ടോയ്ലെറ്റ് സൗകര്യമോ, വേസ്റ്റ് ബിന്നുകളോ ഇല്ല.

മാലിന്യം നീക്കുന്നതിന് സ്ഥിരം സംവിധാനമില്ലാത്തതും തിരിച്ചടിയാണ്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി കോസ്റ്റൽ പൊലീസിന് ഉപകരിക്കുന്ന വാച്ച് ടവറും ഇവിടില്ല. ബീച്ചിൽ മാലിന്യം തള്ളുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.

മുടങ്ങിയതിന് പിന്നിലെ കാരണങ്ങൾ

1. ഡി.ടി.പി.സിയുടെ നേതൃത്വത്തിലുള്ള ബീച്ച് വൃത്തിയാക്കൽ നിലച്ചു

2. ഉത്തരവാദിത്വ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നില്ല

3. കണ്ണടച്ച് തീരദേശ പഞ്ചായത്തുകൾ

4. ബീച്ചിൽ മലമൂത്ര വിസർജ്ജനം വ്യപകമാകുന്നു

5. കോസ്റ്റൽ പൊലീസിന്റെ സേവനം ലഭ്യമാക്കണം

വാക്ക് വേ സാദ്ധ്യത

തായ്ലന്റ് മോഡലിൽ വാക്ക് വേ സാദ്ധ്യത പ്രയോജനപ്പെടുത്താവുന്ന ബീച്ചാണ് മാരാരി. തീരത്ത് അഞ്ച് കിലോമീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലും വാക്ക്‌വേയാക്കി മാറ്റിയാൽ വിദേശികളുൾപ്പെടെയുള്ള സഞ്ചാരികളെ ഏറെ ആകർഷിക്കും. പ്രദേശത്തെ താത്കാലിക കടമുറികൾ പഞ്ചായത്ത് മുൻകൈയെടുത്ത് മാറ്റിസ്ഥാപിക്കണം.

""

കൊവിഡാനന്തര ബീച്ച് ടൂറിസം വികസനത്തിന് മാരാരിക്കുളം ബീച്ചിനെ കേരള ടൂറിസം വകുപ്പ് ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിക്കുകയും വെബ്സൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നൽകി. ബീച്ച് വികസനത്തിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നില്ല.

ഇ.വി. രാജു ഈരേശേരിൽ, ജില്ലാ സെക്രട്ടറി

കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി

Advertisement
Advertisement