ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ ഹിന്ദുമതം സ്വീകരിച്ചു.
ലക്‌നൗ: ഉത്തർപ്രദേശിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു. ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി എന്നാണ് പുതിയ പേര്. ഗാസിയാബാദ് ദസ്നദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി യതി നരസിംഹാനന്ദാണ് മതം മാറൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
തന്നെ ഇസ്ലാമിൽ നിന്ന് പുറത്താക്കിയെന്നും എല്ലാ വെള്ളിയാഴ്ചയും തന്റെ തലയെടുക്കുന്നവർക്കുള്ള സമ്മാനത്തുക വർദ്ധിപ്പിക്കുകയാണെന്നും റിസ്‌വി പറഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ റിസ്‌വിയ്ക്ക് സുരക്ഷയൊരുക്കണമെന്ന് ഹിന്ദു മഹാസഭ ദേശീയ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് ആവശ്യപ്പെട്ടു.
ഖുറാനിലെ ചില വാക്യങ്ങൾ നീക്കണമെന്ന് കാട്ടി സുപ്രീംകോടതിയിൽ റിസ്‌വി പൊതുതാത്പര്യ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഷിയ വഖഫ് ബോർഡ് ചെയർമാനായിരിക്കെ ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് രാമ ക്ഷേത്രം നിർമ്മിക്കണമെന്നായിരുന്നു റിസ്‌വിയുടെ നിലപാട്.