സങ്കടക്കടലിൽ തീരദേശവാസികൾ

Tuesday 07 December 2021 2:43 AM IST

തിരുവനന്തപുരം: 'അഞ്ച് വർഷമായി ഇവിടെയാണ് താമസം. ഓഖി വന്ന് ഉള്ളതെല്ലാം കൊണ്ടുപോയി. ജീവിതം എങ്ങനെയാണ് മുന്നോട്ടുകൊണ്ടു പോകേണ്ടതെന്ന് അറിയില്ല. കേരളത്തിന്റെ സൈന്യം എന്നുള്ള പരിഗണനയൊന്നും വേണ്ട. മനുഷ്യരാണെന്നെങ്കിലും കണക്കുകൂട്ടിയാൽ മതി ' പറഞ്ഞു നിറുത്തിയപ്പോൾ വലിയതുറ സ്വദേശിനി റോസിയുടെ തൊണ്ടയിടറി.... കടൽക്ഷോഭത്തിൽ ഉള്ളതെല്ലാം നഷ്ടമായി ദുരിതാശ്വാസക്യാമ്പിൽ ഇല്ലായ്മകളോട് മല്ലടിക്കുന്ന തീരദേശത്തെ പാവങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ് റോസി. നാല് കുഞ്ഞുങ്ങളും ഭർത്താവുമടങ്ങുന്നതാണ് റോസിയുടെ കുടുംബം. ഇവരെല്ലാം കഴിഞ്ഞ അഞ്ചുവർഷമായി അന്തിയുറങ്ങുന്നത് ദുരിതാശ്വാസ ക്യാമ്പിലാണ്. സമാനതകളില്ലാത്ത ദുരിതമാണ് ക്യാമ്പുകളിൽ കഴിയുന്നവർ അനുഭവിക്കുന്നത്.

അദ്ധ്യയനം മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി വലിയതുറ സെന്റ് റോക്സ് സ്കൂളിലെ ക്യാമ്പിലുണ്ടായിരുന്നവരെ പുറത്താക്കിയതോടെ രണ്ട് മാസം പ്രായമായ കുഞ്ഞുൾപ്പെടെ 16 കുടുംബങ്ങൾ വെയിലും മഴയുമേറ്ര് കഴിയുന്നത് വലിയതുറയിലെ മാരിടൈം ഗോഡൗണിന്റെ വരാന്തയിലാണ് പെൺകുട്ടികളും അസുഖബാധിതരായ അമ്മമാരും വൃദ്ധരുമെല്ലാം ഇതിൽ ഉൾപ്പെടും.

ഇത്തരം അനുഭവങ്ങളുള്ള108 കുടംബങ്ങളാണ് വലിയതുറയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വർഷങ്ങളായി അധികൃതരുടെ കനിവുകാത്ത് കഴിയുന്നത്.

ദുരിതമൊഴിയാതെ വലിയതുറ

ജില്ലയിൽ കടൽക്ഷോഭത്തെ തുടർന്ന് ഏറ്റവും കൂടുതൽ പേർ ക്യാമ്പിൽ കഴിയുന്ന സ്ഥലമാണ് വലിയതുറ. 2016 മുതലുള്ള കടലാക്രമണത്തിലും ഓഖി, ടൗട്ടേ ചുഴലിക്കാറ്റുകളിലും വീടും ഭൂമിയും കടലെടുത്തവരാണ് വലിയതുറ ബഡ്സ് സ്കൂൾ, ഗവ.യു.പി.എസ് വലിയതുറ,ഫിഷറീസ് ഗോ‌ഡൗൺ എന്നിവിടങ്ങളിൽ കഴിയുന്നത്. ഇതിന് പുറമേ വീട് നഷ്ടപ്പെട്ട 120 കുടുംബങ്ങൾ ബന്ധുവീടുകളിലും താമസിക്കുന്നുണ്ട്. കേരളത്തിന്റെ സൈന്യമെന്ന് സർക്കാർ വിശേഷിപ്പിച്ച ഇവരുടെ ജീവിതസാഹചര്യം എങ്ങനെയെന്ന് ആരും തിരിഞ്ഞുനോക്കുന്നില്ല.

പേരിലൊതുങ്ങി പുനർഗേഹം

വേലിയേറ്റ പരിധിയുടെ 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന കുടുംബങ്ങളെ സുരക്ഷാകാരണങ്ങളാൽ മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതി വലിയതുറയിലെ ക്യാമ്പിൽ കഴിയുന്നവർക്ക് കേട്ടുകേൾവി മാത്രം. വീടിനും സ്ഥലത്തിനുമായി പദ്ധതിയിലൂടെ 10ലക്ഷം രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നുമായില്ല. ക്യാമ്പിലുള്ളവ‌ർക്ക് വീട് നിർമ്മിക്കാൻ വലിയതുറ സെന്റ് സേവ്യഴ്സ് പള്ളിക്ക് മുന്നിലുള്ള 2.94 ഏക്കർ ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറിയെങ്കിലും കല്ലിടൽ ചടങ്ങുപോലും ഇവിടെ നടന്നിട്ടില്ല.

മാർച്ചോടു കൂടി പുനർഗേഹം പദ്ധതിയുടെ സമയം അവസാനിക്കും. എന്നിട്ടും ഇതിനായി അനുവദിച്ച ഫണ്ട് ഇതുവരെയും ഉപയോഗപ്പെടുത്തിയിട്ടില്ല. 2468 കോടി രൂപ ചെലവിൽ 192 ഫ്ളാറ്റുകളാണ് ഇവിടെ നിർമ്മിക്കാൻ പദ്ധതിയിട്ടത്.

ജീവിതം വഴിമുട്ടി

കടലാക്രമണത്തിൽ വീടും മത്സ്യബന്ധന സാമഗ്രികളും കടലെടുത്തവർ കടുത്ത പ്രതിസന്ധിയിലാണ്. ക്യാമ്പിൽ വേണ്ടത്ര സൗകര്യമോ ഭക്ഷണമോ ലഭിക്കാറില്ല. പല ദിവസങ്ങളിലും ഒരു നേരം മാത്രം ആഹാരം കഴിച്ച് കിടക്കേണ്ട അവസ്ഥയാണ്. ക്യാമ്പിൽ 50 ലധികം വിദ്യാർത്ഥികളുണ്ട്. പ്രതിസന്ധി കാരണം പത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് ഇപ്പോൾ സ്കൂളിൽ പോകുന്നത്.

"മറ്റ് കുട്ടികൾ സ്കൂളിൽ പോകുന്നത് കാണുമ്പോൾ മക്കൾ ചോദിക്കാറുണ്ട് , തങ്ങളെ സ്കൂളിൽ വിടാത്തതെന്തെന്ന്. പ്രതിസന്ധിയാണ് കാരണം. തീരാദുരിതത്തിലാണ് എല്ലാവരും. മനുഷ്യരല്ലേ ഞങ്ങളും?"

റോസി, വലിയതുറ സ്വദേശിനി

" കടൽക്ഷോഭത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് പ്രഖ്യാപിച്ച പദ്ധതിത്തുകയും മറ്റും ഇവർക്ക് ലഭിച്ചിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥർ പലതും വച്ച് താമസിപ്പിക്കുകയാണ്. ഇവരുടെ അവകാശമല്ലേ ആനുകൂല്യം"

അഡ്വ.മേരി വിജി,

ശംഖുംമുഖം മുൻ കൗൺസിലർ

"ഇവരുടെ കാര്യത്തിനായി നിരന്തരം ഓഫീസുകളിൽ കയറിയിറങ്ങി. പല ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടും ആരും ഗൗരവത്തിലെടുത്തില്ല. ആരോട് ഇനി പരാതി പറയും.

കെന്നഡി ലൂയീസ്,

പൊതുപ്രവർത്തകൻ

Advertisement
Advertisement