ശംഖുംമുഖം റോഡ് നിർമ്മാണം വേഗത്തിൽ ; ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ ശ്രമം

Tuesday 07 December 2021 2:44 AM IST

തിരുവനന്തപുരം: ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് ശംഖുംമുഖത്തേക്കുള്ള തീരദേശ റോഡിന്റെ പുനർ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും തുടർച്ചയായി പെയ്യുന്ന മഴ നിർമ്മാണത്തിന് തടസമാകുന്നു.

തിരമാലയുടെ ആക്രമണം ചെറുക്കാൻ കടലിനോട് ചേർന്ന ഭാഗത്ത് താത്കാലികമായി ഇരുമ്പ് ഷീറ്റ് സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഇരുമ്പ് ഷീറ്റ് സ്ഥാപിച്ച് സമീപത്തായി ഏകദേശം 8 മീറ്റർ താഴ്ചയിൽ മണ്ണ് നീക്കംചെയ്ത ശേഷമാണ് ഡയഫ്രം വാൾ നിർമ്മിക്കുക. ഇതിന്റെ പണി ഏകദേശം പൂർത്തിയായി. ഇതോടൊപ്പം റോഡിൽ മണ്ണിട്ടു നികത്തുന്ന ജോലിയും പുരോഗമിക്കുന്നു. ഓരോ ലെയറായി മണ്ണിട്ട് അതിനെ ഉറപ്പിക്കുന്നതാണ് രീതി.

ഓഖിയിൽ കടലെടുത്തുപോയ റോഡിൽ അറ്രകുറ്രപ്പണികൾ നടത്താൻ ആരംഭിച്ചപ്പോഴാണ് കഴിഞ്ഞ മേയ് മാസത്തിലുണ്ടായ ശക്തമായ കടലാക്രമണത്തിൽ തകർച്ച പൂർണമായത്. നേരത്തെ കടൽ കയറിയതിനെക്കാൾ ഏറെ തീരം ഇങ്ങനെ നഷ്ടപ്പെട്ടിരുന്നു. റോഡിന്റെ മുക്കാൽ ഭാഗവും തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.


തകർന്നത് 240 മീറ്റർ

വിമാനത്താവളത്തിനും ശംഖുംമുഖം ടൂറിസം കേന്ദ്രത്തിനും ഇടയിലുള്ള 240 മീറ്റർ റോഡാണ് തകർന്നത്. തിരമാലകൾ ഇരച്ചുകയറി റോഡിലെ മണ്ണ് പൂർണമായും നഷ്ടപ്പെട്ട് വലിയ ഗർത്തവും രൂപപ്പെട്ടു.


ഡയഫ്രം വാൾ ഇങ്ങനെ

സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.ആർ.ആർ.ഐ) സാങ്കേതിക വിദ്യയിലാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കുന്ന ഡിസൈനിലാണിത്. ഉപരിതലത്തിൽ നിന്ന് എട്ടുമീറ്റർ കുഴിച്ചശേഷമാണ് അടിസ്ഥാനം നിർമ്മിക്കുക. റോഡിൽ ഓരോ ലെയറായി മണ്ണിട്ട് ഉറപ്പിച്ച് ഉപരിതലംവരെ എത്തിച്ചശേഷം ടാർ ചെയ്യും. കടലാക്രമണം പ്രതിരോധിക്കാൻ കഴിയുംവിധമാണ് നിർമ്മാണം. ഡയഫ്രം വാൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും സി.ആർ.ആർ.ഐ അധികൃതർ പരിശോധിക്കും.

പദ്ധതിത്തുക: 6.35 കോടി രൂപ

ചുമതല: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി

റോഡ് നികത്താൻ വേണ്ടത് - 20,000 ചതുരശ്ര അടി മണ്ണ്

മഴയാണ് നിർമ്മാണത്തിന് തടസമാകുന്നത്. മഴ മാറുന്നതനുസരിച്ച് പണി പുരോഗമിക്കുന്നുണ്ട്.

ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ജ്യോതി,​ എക്‌സിക്യുട്ടീവ് എൻജിനിയർ

Advertisement
Advertisement