എട്ട് കുട്ടികളെ മതംമാറ്റിയെന്ന് ആരോപണം; ബജ്‌റംഗ്ദൾ പ്രവർത്തകർ സ്‌കൂൾ ആക്രമിച്ചു, വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിദിഷ: മദ്ധ്യപ്രദേശിലെ സ്‌കൂളിന് നേരെ ആക്രമണം. വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്നാരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരും നൂറുകണക്കിന് നാട്ടുകാരും സ്‌കൂളിലേക്ക് അതിക്രമിച്ച് കയറുകയും, കെട്ടിടത്തിന് നേരെ കല്ലെറിയുകയുമായിരുന്നു.
പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ ഗണിത പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂൾ അധികൃതർ എട്ടോളം വിദ്യാർത്ഥികളെ മതംമാറ്റിയെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും, ഇവരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സ്കൂളിലുണ്ടായിരുന്ന വിദ്യാർത്ഥികളും, ജീവനക്കാരും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ബ്രദർ ആന്റണി ആരോപിച്ചു. ' ബജ്‌റംഗ്ദൾ- ആർ എസ് എസ് ആക്രമണം ഉണ്ടാകുമെന്ന തരത്തിൽ നേരത്തെ സന്ദേശം പ്രചരിച്ചിരുന്നു. പൊലീസിനെ വിവരമറിയിച്ചെങ്കിലും മതിയായ സംരക്ഷണം ലഭിച്ചില്ല.വടികളും കല്ലുകളുമായി എത്തിയവരായിരുന്നു ആക്രമണം നടത്തിയത്.'- അദ്ദേഹം പറഞ്ഞ്.