'ചുറ്റുപാടുകൾക്ക് അടിമകളാണ് മനുഷ്യന്മാർ..." മരക്കാറിന്റെ പുതിയ ടീസറിന് ആരാധകർക്കിടയിൽ വൻ വരവേൽപ്പ്
പ്രിയദർശൻ - മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന 'മരക്കാർ അറബിക്കടൽ സിംഹ"ത്തിന്റെ സക്‌സസ് ടീസർ പുറത്തു വന്നു. ചിത്രം തീയേറ്ററിലെത്തി അഞ്ചാം ദിവസമാണ് അടുത്ത ടീസർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മോഹൻലാലും പ്രണവും നെടുമുടി വേണുവുമാണ് നിറഞ്ഞു നിൽക്കുന്നത്.
ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടക്കുമ്പോഴും ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. 'ചുറ്റുപാടുകൾക്ക് അടിമകളാണ് മനുഷ്യന്മാർ...നിങ്ങളും ഞാനുമൊക്കെ" എന്ന മോഹൻലാലിന്റെ ഡയലോഗോടെയാണ് ടീസർ അവസാനിക്കുന്നത്.
പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.