ഒരു വർഷം നീണ്ട കർഷക സമരം നാളെ പിൻവലിക്കും ?  സംയുക്ത കിസാൻ മോർച്ചയിൽ ഒരു വിഭാഗത്തിന് പ്രക്ഷോഭം തുടരുന്നതിൽ എതിർപ്പ് 

Tuesday 07 December 2021 6:15 PM IST

ന്യൂഡൽഹി : വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് ഒരു വർഷമായി തുടരുന്ന കർഷക സമരം നാളെ പിൻവലിക്കുമെന്ന് സൂചന. കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ രേഖാമൂലമുള്ള കുറിപ്പ് സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിക്ക് അയച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നോട്ടീസ് പ്രകാരമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സിങ്കു അതിർത്തിയിൽ സമര നേതാക്കൾ ഉന്നത നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഈ ചർച്ചയിലെ തീരുമാനം അനുകൂലമാണെങ്കിൽ പ്രക്ഷോഭം പിൻവലിക്കാൻ സംയുക്ത കിസാൻ മോർച്ച നാളെ ആഹ്വാനം നൽകിയേക്കും. അതേസമയം സമരമുന്നണിയിലെ ഒരു പ്രധാന വിഭാഗം പ്രക്ഷോഭം പിൻവലിക്കാൻ ആഗ്രഹിക്കുന്നവരാണ്.

കേന്ദ്രസർക്കാർ മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിച്ചതിന് പിന്നാലെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കർഷക സംഘടനകളുടെ സംഘടനയായ എസ്‌കെഎം കർഷകർക്കു വേണ്ടി സർക്കാരുമായി ചർച്ച നടത്താൻ അഞ്ച് പേരെ തിരഞ്ഞെടുത്തിരുന്നു. കാർഷിക നിയമങ്ങൾക്ക് പുറമേ തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങളിലും സർക്കാർ അനുഭാവപൂർവമായ തീരുമാനങ്ങൾ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഇപ്പോഴും സമരം തുടരുന്നത്. മിനിമം താങ്ങുവില എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും എല്ലാ കർഷകരുടെയും നിയമപരമായ ആവശ്യമായി മാറ്റണം, കേന്ദ്രം നിർദ്ദേശിച്ച വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം, കർഷകർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കണം, ലഖിംപൂർ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ സ്ഥാനത്തുനിന്ന് പുറത്താക്കണം, പ്രതിഷേധത്തിനിടെ മരിച്ച 700 കർഷകർക്ക് വേണ്ടി രക്തസാക്ഷി സ്മാരകം നിർമ്മിക്കാൻ ഭൂമിയും, അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും അടക്കമുള്ള ആവശ്യങ്ങളാണ് ഇപ്പോൾ കർഷക സമരത്തിലുള്ളവർ ഉയർത്തുന്നത്. ഇതിൽ സർക്കാർ എന്ത് തീരുമാനമെടുക്കും എന്ന് ഇനിയും ഉറപ്പായിട്ടില്ല.