ഒറ്റ ഡോസുമെടുക്കാതെ ജില്ലയിൽ 35,726 പേർ

Wednesday 08 December 2021 12:00 PM IST

കോട്ടയം: കൊവിഡിനെ പ്രതിരോധിക്കാൻ നാട് സടകുടഞ്ഞുണർന്ന് പ്രവർത്തിക്കുമ്പോൾ ജില്ലയിൽ ഇതുവരേയും ഒറ്റ ഡോസ് വാക്സിൻ പോലുമെടുക്കാത്ത 35,726 പേരെന്ന് ആരോഗ്യ വകുപ്പിന്റെ ഭവന സർവേയിൽ കണ്ടെത്തി. രണ്ടാം ഡോസിന്റെ കാലാവധി പിന്നിട്ടിട്ടും എടുക്കാത്തവരായി 12,499 പേരുണ്ട്. 1959 ഗർഭിണികളും വാക്സിനെടുക്കാത്തവരിൽ ഉൾപ്പെടും.

ഈരാറ്റുപേട്ട നഗരസഭയിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിനെടുക്കാനുള്ളത്. 2758 പേർ. 47 തദ്ദേശ സ്ഥാപന പരിധികളിൽ വാക്‌സിൻ എടുക്കാത്തവരുടെ നിരക്ക് രണ്ടു ശതമാനത്തിലധികമാണ്. രണ്ടാം ഡോസ് എടുക്കേണ്ട കാലാവധി പിന്നിട്ടവരിൽ ഏറ്റവും കൂടുതലുള്ളത് വാഴൂർ (687), തൃക്കൊടിത്താനം (520), കോട്ടയം (507), രാമപുരം (504), പനച്ചിക്കാട് (427) എന്നിവിടങ്ങളിലാണ്. 20 തദ്ദേശ സ്ഥാപനങ്ങളിൽ ഇവരുടെ എണ്ണം 200ന് മുകളിലാണ്.

വാക്സിനെടുക്കാത്തവർ
 ഈരാറ്റുപേട്ട 9.93%

 പൂഞ്ഞാർ 4.2%

 മേലുകാവ് 4.13%

 കടനാട് 3.8%

 തീക്കോയി 3.72%

 തലപ്പലം 3.63%

 വൈക്കം 1.09%

 കൂട്ടിക്കൽ 0.70%

ഗർഭിണികൾ പേടിക്കേണ്ടെന്ന് കളക്ടർ

ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ എത്രയുംവേഗം വാക്സിനെടുക്കണമെന്ന് കളക്ടർ ഡോ.പി.കെ.ജയശ്രീ പറഞ്ഞു. വാക്‌സിൻ എടുക്കാത്തവർക്ക് രോഗം ബാധിക്കാനും, ഗുരുതരമാകാനും സാദ്ധ്യത ഏറെയാണ്. മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരും വാക്‌സിൻ എടുക്കണം. ഇവർക്ക് വാക്‌സിൻ തികച്ചും സുരക്ഷിതമാണ്. ഗർഭിണികൾക്കും വാക്‌സിൻ സുരക്ഷിതമാണെന്നും കളക്ടർ പറഞ്ഞു.

 11 മുതൽ തീവ്രയജ്ഞം

വാക്സിനേഷൻ പൂർത്തിയാക്കാൻ 11 മുതൽ 24 വരെ വാക്സിനേഷൻ തീവ്രയ യജ്ഞം നടത്തും. പ്രദേശത്ത് വാക്‌സിൻ ഇനിയും എടുക്കാനുള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ട കാലാവധി പിന്നിട്ടവരുടെയും വിവരങ്ങൾ വാർഡ് അംഗങ്ങൾക്ക് കൈമാറും. 14 മുതൽ 24 വരെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ചേർന്ന് ഇവരുടെ വീടുകൾ സന്ദർശിക്കും.

അലർജി മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് പ്രത്യേക ക്ളിനിക്ക്

 ചികിത്സ ആവശ്യമുള്ളവർക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും

 47 തദ്ദേശ സ്ഥാപന പരിധികളിൽ മൈക്ക് അന്നൗൺസ്‌മെന്റ് നടത്തും

Advertisement
Advertisement