2022ലും കൊവിഡുണ്ടാവും, ഒമിക്രോൺ ഭീതിക്കിടെ ഇന്ത്യയിൽ മൂന്നാം തരംഗമെത്തുന്ന ദിവസങ്ങളെണ്ണി ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്

Tuesday 07 December 2021 7:32 PM IST

ന്യൂഡൽഹി : കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യവേ കൊവിഡ് മൂന്നാം തരംഗം അടുത്ത വർഷം ഫെബ്രുവരിയോടെ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് ഐഐടി ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ പ്രതിദിനം 150,000 വരെ എത്തുമെന്നാണ് ഐഐടി ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാൾ നൽകുന്ന മുന്നറിയിപ്പ്.

എന്നാൽ രാജ്യത്ത് എത്തുന്ന കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്രയും ഭീകരമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനൊപ്പമാവും രാജ്യത്ത് മൂന്നാം തരംഗവും ഉണ്ടാവുക. ഒമിക്രോണിന്റെ തീവ്രത ഇന്ത്യയിൽ രണ്ടാം തരംഗം തീർത്ത ഡെൽറ്റയുമായി തട്ടിച്ച് നോക്കിയാൽ കുറവാണ്, അതിനാൽ തന്നെ രണ്ടാമത്തെ തരംഗത്തേക്കാൾ സൗമ്യമായിരിക്കും ഇതെന്ന് അഗർവാൾ പറഞ്ഞു. അതേസമയം ഒമിക്രോൺ വകഭേദം കൂടുതൽ പേരിലേക്ക് കുറഞ്ഞ സമയത്തിൽ എത്തിച്ചേരും.

കൊവിഡ് മൂന്നാം തരംഗത്തിൽ വ്യാപനം കുറയ്ക്കാൻ രാത്രി കർഫ്യൂ പോലുള്ള ഭാഗിക ലോക്ക്ഡൗണുകൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പുതിയ വകഭേദം ഉണ്ടായാൽ കഴിഞ്ഞ ഒക്ടോബറിൽ രാജ്യം മൂന്നാം തരംഗത്തിലൂടെ കടന്ന് പോകുമെന്നാണ് മുൻപ് വിദഗ്ദ്ധർ നൽകിയ മുന്നറിയിപ്പ്. എന്നാൽ പുതിയ വകഭേദമായ ഒമിക്രോൺ ഡിസംബർ മാസത്തോടെയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതാണ് മൂന്നാം തരംഗം അടുത്ത വർഷം ആദ്യമുണ്ടാകാൻ സാദ്ധ്യത കൽപ്പിക്കുന്നത്.