മാഹിയിൽ സാഹസിക ടൂറിസം സാദ്ധ്യതാപഠനം തുടങ്ങി

Tuesday 07 December 2021 7:46 PM IST
ഹില്ലോക്കിലെ കടൽക്കാഴ്ചകൾ കാണാനുള്ള ഇടം

മാഹി : കടലും പുഴയും സംഗമിക്കുന്ന അഴീമുഖത്തെ മൂപ്പൻ കുന്നും മഞ്ചക്കൽ ജലകേളീ സമുച്ഛയവും മനോഹരമാക്കുന്ന മയ്യഴിയിൽ സാഹസിക ടൂറിസം സാദ്ധ്യതാ പഠനസർവ്വേയ്ക്കുള്ള നടപടി തുടങ്ങി. കേബിൾ കാറുകൾ, സിപ്‌ലൈൻ റൈഡുകൾ, റിവർ ക്രൂയിസ് എന്നിവയടക്കമുള്ള പദ്ധതികളുടെ സാദ്ധ്യതയാണ് പരിശോധിക്കുന്നത്.

മൂപ്പൻ കുന്നിന് മുകളിലുള്ള ഹില്ലോക്കിൽ നിന്ന് മാളിയേമ്മൽ കുന്നുവരെയാണ് കേബിൾ കാറിന്റെ സാദ്ധ്യത പരിശോധിക്കുന്നത്. ഹില്ലോക്കിൽ കഫെറ്റേറിയം സ്ഥാപിക്കും.ലൈറ്റ് ആൻ‌ഡ് സൗണ്ട് ഷോയും ആരംഭിക്കും. ലൈറ്റ് ഹൗസിന് കീഴെ കടൽക്കാഴ്ച കാണാനും കാറ്റ് കൊള്ളാനും ടവർ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. നാല് വർഷം മുമ്പ് മാഹിക്ക് അനുവദിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി അന്നത്തെ ടൂറിസം മന്ത്രി മല്ലാടി കൃഷ്ണറാവു സ്വന്തം നാടായ യാനത്തേക്ക് കടത്തുകയായിരുന്നു. മയ്യഴിയുടെ ചരിത്രവും ഭൂമി ശാസത്രവുമെല്ലാം ദൃശ്യവൽക്കരിക്കപ്പെടുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ അന്തമാനിലെ കാലാപാനി ജയിലിനകത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ മാതൃകയിലായിരിക്കും. വിവിധ ഭാഷകളിലെ വിവരണവും ഇതിലുണ്ടാകും.. വിനോദ സഞ്ചാരികൾക്കും ചരിത്ര ഗവേഷകർക്കും ഒരുപോലെ പ്രയോജനപ്പെടും വിധമാകും ഇതിന്റെ രൂപകൽപ്പന.


കടൽ, പുഴ, കുന്ന്

ഹില്ലോക്കിൽ നിന്ന് കടൽക്കാഴ്ചകൾ ആസ്വദിക്കാനും വെള്ളിയാങ്കല്ലിനെ നിരീക്ഷിക്കാനും ശക്തമായ വിദൂരകാഴ്ചക്കണ്ണാടി സ്ഥാപിക്കും.മഞ്ചക്കൽ ജല കേളി സമുച്ഛയം നവീകരിച്ച് സാഹസിക ബോട്ട് യാത്ര സൗകര്യമേർപ്പെടുത്തും. പെഡൽ ബോട്ടുകൾ, ക്രൂയിസർ ബോട്ട് സിപുലൈൻ ബോട്ട് എന്നിവയുണ്ടാകും.കുട്ടികൾക്കായി കമ്പ്യൂട്ടർ ഗെയിമുകൾ ഏർപ്പെടുത്തും. മയ്യഴിയുടെ ഭക്ഷണരുചി വൈവിദ്ധ്യങ്ങളോടെ വിശാലമായ ഭക്ഷണ ശാലയുമൊരുക്കും. ടൂറിസത്തിൽ സ്വകാര്യ പങ്കാളിത്തം ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.ടാഗോർ ഉദ്യാനത്തിന് മുന്നിലായി 16 സ്യൂട്ടുകളുള്ള അത്യാധുനിക ബഹുനില അതിഥി മന്ദിരം പണിയും. 20 കോടി രൂപ ചെലവിൽ മഞ്ചക്കൽ നിന്ന് കല്ലായിലേക്ക് റഗുലേറ്റർ കം ബ്രിഡ്ജും നിർമ്മിക്കുന്നുണ്ട്. 10 കോടി രൂപ ചെലവിൽ കല്ലായി പന്തക്കൽ റോഡ് വീതികൂട്ടും. മയ്യഴിപ്പുഴക്ക് കുറുകെ പുതിയ പാലവും നിർമ്മിക്കും. വളവിൽ അയ്യപ്പക്ഷേത്രത്തിന് മുന്നിൽ അടുത്ത കാലത്ത് മണൽ നിറഞ്ഞ് രൂപപ്പെട്ട ഭാഗത്തെ ഉദ്യാനമാക്കാനും ആലോചനയുണ്ട്.
പുഴ, കടൽ, കുന്ന് ,തീരം എന്നിവയെ ഉപയോഗപ്പെടുത്തി മാഹിയെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് സർക്കാരിന്റെ ആലോചന.

ഹില്ലോക്കിലെ കടൽക്കാഴ്ചകൾ കാണാനുള്ള വഴിത്താര

Advertisement
Advertisement