ഒമിക്രോൺ ഭീതിക്കിടെ വിമാനത്താവളത്തിൽ നിന്നും പുറത്ത് കടന്ന നൂറിലധികം യാത്രക്കാരെ കണ്ടെത്താനായില്ല, ഫോണുകൾ ഓഫാക്കിയ നിലയിൽ  

Tuesday 07 December 2021 7:52 PM IST

മുംബയ് : രാജ്യത്ത് ഒമിക്രോൺ ഭീതി വർദ്ധിക്കവേ മഹാരാഷ്ട്രയിൽ അടുത്തിടെ മടങ്ങിയെത്തിയ നൂറിലധികം ആളുകളെ കണ്ടെത്താനാകുന്നില്ലെന്ന് റിപ്പോർട്ട്. താനെ ജില്ലയിലെ കല്യാൺ ഡോംബിവാലി മുനിസിപ്പൽ കോർപ്പറേഷൻ (കെഎംഡിസി) ടൗൺഷിപ്പിലേക്ക് അടുത്തിടെ മടങ്ങിയെത്തിയ 295 ആളുകളിൽ 109 പേരെയും ഇപ്പോൾ കണ്ടെത്താനായിട്ടില്ല. ഇവരിൽ ചിലരുടെ ഫോണുകൾ ഓഫായ അവസ്ഥയിലാണ് ഉള്ളത്. വിമാനത്താവളത്തിൽ പരിശോധനയിൽ അവർ നൽകിയ വിലാസങ്ങളിൽ അന്വേഷണം നടത്തുകയാണ് ഇപ്പോൾ അധികൃതർ.

നിലവിലെ നിയമങ്ങൾ അനുസരിച്ച് 'അപകട സാദ്ധ്യതയുള്ള' എല്ലാ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു, തുടർന്ന് എട്ടാം ദിവസം കൊവിഡ് ടെസ്റ്റ് നടത്തണം.
രാജ്യത്ത് എത്തുമ്പോൾ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽപ്പോലും ഏഴു ദിവസത്തെ ഹോം ക്വാറന്റൈനിന് വിധേയരാക്കുമെന്നും മാനദണ്ഡം ലംഘിച്ചിട്ടില്ലെന്ന് ഉറപ്പ് നൽകേണ്ടത് ഹൗസിംഗ് സൊസൈറ്റി അംഗങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കൊവിഡ് പുതിയ വകഭേദമായ ഒമിക്രോണിന്റെ പത്ത് കേസുകൾ മഹാരാഷ്ട്രയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഡോംബിവിലിയിൽ നിന്നാണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഒരു പ്രവാസി ഇന്ത്യൻ സ്ത്രീയും അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടെ പൂനെ ജില്ലയിലെ ഏഴ് പേർക്ക് പിന്നീട് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.

Advertisement
Advertisement