ആളും ആരവവുമില്ലാതെ കോവളം പ്രതീക്ഷകളുടെ തിരയൊടുങ്ങി

Wednesday 08 December 2021 12:22 AM IST

കോവളം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൂറിസം സീസണിലും കോവളത്തിന്റെ പ്രതീക്ഷകളുടെ തിരകൾ നിശ്ചലം. കൊവിഡ് വ്യാപനവും ലോക്ഡൗണുകളുമെല്ലാം തകർത്തെറിഞ്ഞ ടൂറിസം മേഖലയ്ക്ക് ഇളവുകളുടെ പശ്ചാത്തലത്തിൽ സീസൺ മികച്ച മുന്നേറ്റം സമ്മാനിക്കുമെന്നായിരുന്നു തീരത്തെ വ്യാപാരികളും തൊഴിലാളികളുമെല്ലാം ഒരുപോലെ പ്രതീക്ഷിച്ചത്. എന്നാൽ കാര്യങ്ങൾ അസ്ഥാനത്തായതിനൊപ്പം ഒമിക്രോൺ വകഭേദത്തിന്റെ കടന്നുവരവു കാരണം ഇത്തവണത്തെ സീസൺ കണ്ണീരിൽ മുങ്ങി.

മുൻ വർഷങ്ങളിലെല്ലാം ടൂറിസം സീസൺ തീരത്തിന് സമ്മാനിച്ചത് ഉത്സവദിനങ്ങളായിരുന്നു. സഞ്ചാരികളെ വരവേൽക്കാൻ ഹോട്ടലുകൾ, ഹോം സ്റ്റേകൾ, റസ്റ്റോറന്റുകൾ, ട്രാവൽ ഏജൻസികൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ എല്ലാം ഉഷാറാകും. സഞ്ചാരികൾക്ക് പഴവർഗങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നവർ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുടമകൾ വരെ സീസൺ ബിസിനസ് പ്ലാൻ ചെയ്തിട്ടുണ്ടാകും. എന്നാൽ ഇത്തവണയും പ്ളാനിംഗ് എല്ലാം നടത്തിയെങ്കിലും സഞ്ചാരികളില്ലാതായതോടെ എല്ലാം തകിടംമറിഞ്ഞു.

പൊടിഞ്ഞത് പതിനായിരങ്ങൾ
സീസണിനൊപ്പം പുതുവർഷത്തെയും വരവേൽക്കാൻ ഹോട്ടലുകളിലും റസ്റ്റോറന്റുകളും ചെലവിട്ടത്ത് പതിനായിരങ്ങളാണ്. എന്നാൽ സഞ്ചാരികളില്ലാതായതോടെ ഇത് എങ്ങനെ തിരിച്ചുപിടിക്കാനാകും എന്നതാണ് ഉടമകളെ ആശങ്കപ്പെടുത്തുന്നത്. കോടികൾ ചെലവിട്ട് നിർമ്മിച്ച വെള്ളാറിലെ ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും സ്ഥിതി ദയനീയമാണ്. ഉദ്ഘാടനം കഴിഞ്ഞ് ആദ്യ നാളുകളിൽ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഇപ്പോൾ കഥ തിരിച്ചാണ്. ദിവസം രണ്ടോ മൂന്നോ വാഹനങ്ങളാണ് ഇവിടെ വന്നുപോകുന്നത്. ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാൻ കഴിയാതെവരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് ക്രാഫ്റ്റ് വില്ലേജ് അധികൃതർ പറയുന്നു.


പീക്ക് സീസൺ പോക്കായോ?

കേരളത്തിലെ പീക്ക് ടൂറിസം സീസൺ എന്നു വിലയിരുത്തുന്നത് ഡിസംബർ ജനുവരി മാസങ്ങളാണ്. ഓണവും പൂജാ അവധിയും ദീപാവലിയും ഒക്കെ പ്രതീക്ഷകൾ നൽകിയ ശേഷം പൊലിഞ്ഞപ്പോൾ നവംബർ മുതൽ തുടങ്ങുന്ന ടൂറിസം സീസണും ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളുമായിരുന്നു തീരത്തിന്റെ പ്രതീക്ഷ. സാധാരണ ഡിസംബർ 20 മുതൽ ജനുവരി 20 വരെ കോവളത്ത് ഒരു റൂം കിട്ടാൻ വളരെ പ്രയാസമാണ്. എന്നാൽ ഇത്തവണ സഞ്ചാരികൾ ഇല്ലാതായതോടെ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്.

അടവിന് അയവില്ല

സീസൺ നഷ്ടത്തിലായതോടെ ലക്ഷങ്ങൾ വായ്പയെടുത്തവരാണ് ശരിക്കും പെട്ടത്. മാസങ്ങളായി പലരുടെയും തിരിച്ചടവ് മുടങ്ങിയിട്ട്. പൊതുമേഖലാ ബാങ്കുകൾക്കൊപ്പം കെ.എഫ്.സി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ ബാങ്കുകളും കടുംപിടിത്തം തുടരുന്നതിനാൽ പലരും ആത്മഹത്യയുടെ വക്കിലാണ്.

Advertisement
Advertisement