ആശങ്ക കുറയുന്നു; ഒമിക്രോൺ വകഭേദം ഗുരുതരമായേക്കില്ലെന്ന് അമേരിക്കയും, ഡെൽ‌റ്റാ വകഭേദത്തിന്റെയത്ര ശക്തമാകില്ലെന്ന് കണ്ടെത്തൽ

Tuesday 07 December 2021 11:36 PM IST

ന്യൂയോർക്ക്: കൊവിഡിന്റെ ഒമിക്രോൺ വകഭേദം ഡെൽറ്റാ വകഭേദത്തിന്റെയത്ര ഗുരുതരമാവില്ലെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്‌ഠാവും രാജ്യത്തെ പ്രധാന ഡോക്‌ടർമാരിലൊരാളുമായ ആന്റോണിയോ ഫൗചിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിലെ കേസുകളിൽ രോഗം ബാധിച്ചവരുടെയും അതിൽ ആശുപത്രിവാസം വേണ്ടിവന്നവരുടെയും അനുപാതം ഡെൽ‌റ്റാ വകഭേദത്തെക്കാൾ വളരെ കുറവാണ്.

ഇന്ത്യയും ഒമിക്രോൺ വകഭേദം ബാധിച്ചവരിൽ നേരിയ ലക്ഷണം മാത്രമാണുള‌ളതെന്നും അതിനാൽ തന്നെ ഒമിക്രോൺ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാക്കുമെന്ന് ഉറപ്പ് പറയാനാവില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടത്. നിലവിൽ രാജ്യത്തെ കൊവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് ഒമിക്രോൺ ബാധിതരിൽ ഫലപ്രദമാണ്. 93 ശതമാനമാണ് ബൂസ്‌റ്റർ ഡോസെടുത്തവരിൽ പ്രതിരോധ ശേഷി.

അതേസമയം കേരളത്തിൽ നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്‌ക്കയച്ച 10ൽ എട്ട് സാമ്പിളും നെഗ‌റ്റീവാണ്. രണ്ടെണ്ണം ഫലം വരാനുണ്ട്. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തി ആർടിപിസിആർ ഫലം പോസി‌റ്റീവാകുന്നവരുടെ ഫലമാണ് പരിശോധനയ്‌ക്കയച്ചത്. ഇതിൽ ഇതുവരെ ഫലംവന്നവരിലൊന്നും ഒമിക്രോൺ സാന്നിദ്ധ്യമില്ല.

Advertisement
Advertisement