പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കം; ഇന്ന് പഞ്ചമി വിളക്ക്

Wednesday 08 December 2021 12:40 AM IST

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കം. ഇന്ന് പഞ്ചമി വിളക്ക് മുതലാണ് പാരമ്പര്യമായി ഏകാദശി വിളക്ക് നടത്തുന്ന പുരാതന തറവാട്ടുകാരുടെ വിളക്കുകൾക്ക് തുടക്കമാകുക. മലപ്പുറം വെന്നിയൂർ കപ്രാട്ട് പാറുകുട്ടി അമ്മയുടെ പേരിലാണ് ഇന്നത്തെ പഞ്ചമി വിളക്കാഘോഷം.

വ്യാഴാഴ്ച മാണിക്കത്ത് കുടംബം വകയാണ് ഷഷ്ഠി വിളക്കാഘോഷം. മാണിക്കത്ത് ചന്ദ്രശേഖര മേനോന്റെ പേരിലാണ് വിളക്കാഘോഷം നടത്തുന്നത്. വെള്ളിയാഴ്ച സപ്തമി വിളക്കാഘോഷമാണ്. നെന്മിനി മനക്കാരുടെ വകയാണ് സപ്തമി വിളക്കാഘോഷം. പൂർണമായും വെളിച്ചെണ്ണ ഉപയോഗിച്ച് വിളക്ക് തെളിക്കുന്നുവെന്ന പ്രത്യേകതയും സപ്തമി വിളക്കാഘോഷത്തിനുണ്ട്.

സ്വന്തം പറമ്പിലെ നാളികേരം ഉപയോഗിച്ചുള്ള വെളിച്ചെണ്ണയാണ് വിളക്ക് തെളിക്കാൻ ഉപയോഗിക്കുന്നത്. സാധാരണ നല്ലെണ്ണയും നെയ്യുമാണ് ഏകാദശി വിളക്കുകൾക്ക് ഉപയോഗിക്കാറ്. വെളിച്ചെണ്ണ ഉപയോഗിച്ച് വിളക്ക് തെളിച്ചാൽ കൂടുതൽ ശോഭ ലഭിക്കും. നെന്മിനി എൻ.സി. രാമൻ ഭട്ടതിരിപ്പാടിന്റെ പേരിലാണ് വിളക്കാഘോഷം.

ശനിയാഴ്ച പുളിക്കഴെ വാരിയത്ത് കുടുംബം വക അഷ്ടമി വിളക്കാഘോഷമാണ്. ഞായറാഴ്ച കൊളാടി കുടുംബം വക നവമി നെയ് വിളക്കാഘോഷം നടക്കും. ആദ്യകാലത്ത് ഏകാദശി വിളക്കാഘോഷത്തിന് നെയ് ഉപയോഗിക്കുന്ന ഏക വിളക്ക് കൊളാടി കുടുംബത്തിന്റെ നവമി വിളക്ക് ആഘോഷത്തിനായിരുന്നു. നൂറ്റാണ്ടുകളോളം പഴക്കമുള്ള വിളക്കുകളാണിത്.

ദശമി വിളക്കാഘോഷം തിങ്കളാഴ്ച ശ്രീഗുരുവായൂരപ്പൻ സങ്കീർത്ത ട്രസ്റ്റിന്റെ വകയാണ്. 14ന് ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ്.

Advertisement
Advertisement