കള്ളക്കണ്ണീർ കൊണ്ട് എന്തു കാര്യം

Wednesday 08 December 2021 12:45 AM IST

ഗർഭിണികളും നവജാത ശിശുക്കളും മരണപ്പെടുമ്പോഴോ പകർച്ചവ്യാധി പടരുമ്പോഴോ ആണ് അട്ടപ്പാടി ആദിവാസി ഉൗരുകൾ വാർത്തകളിൽ നിറയുന്നത്. ഇപ്പോൾ അട്ടപ്പാടിയുടെ പേരിലൊഴുകുന്ന കള്ളക്കണ്ണീരിന്റെ പശ്ചാത്തലവും ഇതുതന്നെ. കഴിഞ്ഞ ഒരാഴ്ച നാല് നവജാത ശിശുക്കളാണ് അവിടെ മരണമടഞ്ഞത്. പട്ടികജാതി - പട്ടികവർഗക്ഷേമ വകുപ്പുമന്ത്രിയും ആരോഗ്യവകുപ്പു മന്ത്രിയും ഓടിയെത്തി. പിന്നാലെ പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം. ഭരണ - പ്രതിപക്ഷ നേതാക്കൾ പതിവുപോലെ അന്യോന്യം വിമർശിക്കുന്നു.

അട്ടപ്പാടിയെയും അവിടെ ജീവിക്കാൻ വിധിക്കപ്പെട്ട ഉൗരുവാസികളെയും പുരോഗതിയിലേക്ക് നയിക്കാൻ കഴിഞ്ഞ ദശകങ്ങളിൽ നീക്കിവച്ച പണം ആരുടെയെല്ലാം പോക്കറ്റിലേക്കു പോയെന്ന് അന്വേഷിച്ചാലറിയാം അട്ടപ്പാടി എന്തുകൊണ്ടാണ് അരനൂറ്റാണ്ടിനു മുമ്പുള്ള അതേ സ്ഥിതിയിൽ തുടരുന്നതെന്ന്. വനാന്തരങ്ങളിൽ തനതു വിഭവങ്ങൾ ഭക്ഷിച്ചും പുറംലോകവുമായി അധികം ബന്ധപ്പെടാതെയും കഴിഞ്ഞിരുന്ന ആദിവാസികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളാണ് ഒരർത്ഥത്തിൽ അവരെ നിത്യരോഗികളാക്കിയത്. വനവാസം വെടിയാൻ നിർബന്ധിതമായപ്പോൾ അവർക്കു നഷ്ടമായത് പോഷകാഹാരമാണ്. ഭാഗികമായി പ്രവർത്തിക്കുന്ന സമൂഹ അടുക്കള കൊണ്ടോ സൗജന്യ റേഷൻ കൊണ്ടോ പരിഹരിക്കാവുന്നതായിരുന്നില്ല ഈ പ്രശ്നം. ഈയടുത്ത ദിവസങ്ങളിൽ നടത്തിയ സർവേയിൽ അട്ടപ്പാടി ഉൗരുകളിലെ 426 ഗർഭിണികളിൽ 245 പേരും ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുന്നവരാണെന്നു കണ്ടെത്തി. അവരിൽത്തന്നെ 98 പേരിൽ തൂക്കക്കുറവും അതിന്റെ ഫലമായി വിളർച്ചയും രോഗപീഡകളും കണ്ടെത്തി. ഗർഭിണികൾ മാത്രമല്ല കുട്ടികളും പ്രായമായവരുമൊക്കെ വലിയ തോതിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. ആദിവാസികൾക്കു വേണ്ടി സ്ഥാപിച്ച കോട്ടത്തറയിലെ ആശുപത്രി പോലും വേണ്ടരീതിയിൽ അവർക്ക് ഉപകരിക്കുന്നില്ല. വിദഗ്ദ്ധ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങളോ സ്പെഷ്യലിസ്റ്റുകളോ അവിടെയില്ല. ഗുരുതര രോഗവുമായെത്തുന്ന രോഗികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് അയയ്ക്കേണ്ടി വരുന്നു. പ്രസവമടുത്തവരെപ്പോലും ഇങ്ങനെ പറഞ്ഞുവിടാറുണ്ട്. ആശുപത്രിയിലെത്താതെ വഴിമദ്ധ്യേ മരിച്ചവരുമുണ്ട്.

അട്ടപ്പാടിയിൽ മുപ്പത്തയ്യായിരം ആദിവാസികളേയുള്ളൂ. അവരുടെ ക്ഷേമം ആക്ഷേപരഹിതമായി ഉറപ്പാക്കുക വലിയ കാര്യമല്ല. ഇതിനായി കർമ്മപദ്ധതികളും ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. എന്നിട്ടും ഒന്നും ശരിയായി നടക്കുന്നില്ല. അട്ടപ്പാടിയുടെ വികസനത്തിനായി സർക്കാർ ഇതിനകം ചെലവഴിച്ച ഭീമമായ തുക എവിടെപ്പോയെന്ന് സർക്കാർ ഇനിയെങ്കിലും അന്വേഷിക്കണം. പാവം ആദിവാസികളിൽ എത്തേണ്ട പണമത്രയും സ്വന്തക്കാരുടെയും പാർശ്വവർത്തികളുടെയും പോക്കറ്റിലെത്തിച്ച ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ അട്ടപ്പാടിയിൽ ദുരന്തം ആവർത്തിക്കും.

കോട്ടത്തറ ആശുപത്രി വികസനത്തിനുള്ള സർക്കാർ ഫണ്ട് മുടങ്ങാൻ കാരണം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നല്‌കാത്തതു കൊണ്ടാണെന്ന് അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ആശുപത്രി വികസനത്തിനു തടസമാകുന്നതും ചിലർക്ക് കൈക്കൂലി നൽകാത്തതിന്റെ പേരിലാണെന്ന ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. പ്രഭുദാസിന്റെ ആക്ഷേപവും അന്വേഷിക്കേണ്ടതുണ്ട്. ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിനു തൊട്ടുമുമ്പ് സൂപ്രണ്ടിനെ തിരുവനന്തപുരത്ത് യോഗമുണ്ടെന്നു കാണിച്ച് വിളിപ്പിച്ചതും വിവാദമായി.

ആദിവാസികൾക്കുവേണ്ടി ആരംഭിച്ച സ്പെഷ്യാലിറ്റി ആശുപത്രിയിൽ അവർക്കാവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു പ്രയോജനം. വിചാരിച്ചാൽ എത്രയും കുറഞ്ഞ സമയംകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളാണിതൊക്കെ.

അവരെ സഹായിക്കാൻ അടിയന്തരമായി എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ആത്മാർത്ഥതയും അർപ്പണബോധവും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവ നടപ്പാക്കണം. എല്ലാ കാര്യങ്ങൾക്കും അക്കൗണ്ടബിലിറ്റിയും നിർബന്ധമാക്കണം.

Advertisement
Advertisement