രക്ഷാദൗത്യത്തിന് ഇനി 814 ഓളം വളണ്ടിയർമാർ

Wednesday 08 December 2021 12:46 AM IST
കഴിഞ്ഞദിവസം നടന്ന പാസിംഗ് ഔട്ട് പരേഡിന് ശേഷം സെൽഫി എടുക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ.

തൃശൂർ: ദുരന്തമുഖങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് 814ഓളം സിവിൽ ഡിഫൻസ് ഫോഴ്‌സ്. പത്ത് ഫയർ സ്റ്റേഷനുകൾക്ക് കീഴിലാണ് ഫയർ ആൻഡ് റസ്‌ക്യൂവിനൊപ്പം ഈ വളണ്ടിയർമാർ സഹകരിച്ച് പ്രവർത്തിക്കുക. വിവിധ സേനകളിൽ നിന്ന് വിരമിച്ച ശേഷവും സേവന മനോഭാവമുള്ള ആളുകളെ ഒന്നിച്ചുചേർത്ത് കഴിഞ്ഞ പത്ത് വർഷമായി ഫയർഫോഴ്‌സിനൊപ്പം പ്രവർത്തിക്കുന്ന ഹോം ഗാർഡ്‌സുമുണ്ട്.

വെള്ളപ്പൊക്കം, ദുരന്ത നിവാരണം, നിപ, കൊവിഡ്, മറ്റ് അപകടങ്ങൾ എന്നിവയിൽ കൈത്താങ്ങായി ലാഭേച്ഛയില്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ, വിവിധ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ ഇതിൽ അംഗങ്ങളാണ്. ആകെയുള്ളവരിൽ മൂന്നിലൊന്ന് പേർ സ്ത്രീകളാണ്. ആദ്യ ഘട്ടത്തിൽ 512 പേരെയും രണ്ടാം ബാച്ചിൽ 302 പേരെയുമാണ് സിവിൽ ഡിഫൻസിൽ ഉൾപ്പെടുത്തിയത്. ഇതിൽ 274 പേർക്ക് ഫയർ ആൻഡ് റെസ്‌ക്യൂ അക്കാഡമിയിലേത് ഉൾപ്പെടെ മൂന്നു ഘട്ടങ്ങളിൽ പരിശീലനം നേടിയവരാണ്.

15 ദിവസത്തെ പരിശീലനം

15 ദിവസമാണ് സിവിൽ ഡിഫൻസ് സേനാംഗത്തിന് പരിശീലനം. പ്രാദേശികമായ അപകടങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് രൂപീകരണം. ജഴ്‌സി, തിരിച്ചറിയൽ കാർഡ് എന്നിവ നൽകിയിട്ടുണ്ട്.

സിവിൽ ഡിഫൻസ് പരേഡ്

ദേശീയ സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ സിവിൽ ഡിഫൻസ് ഹോം ഗാർഡ്‌സിന്റെ പരേഡ് നടന്നു. പി. ബാലചന്ദ്രൻ എം.എൽ.എ വളണ്ടിയർമാരുടെ സല്യൂട്ട് സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്‌സ് വളണ്ടിയർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Advertisement
Advertisement