കഠിനംകുളം പുത്തൻതോപ്പിൽ ഗുണ്ടാ ആക്രമണം; നാലുപേർക്ക് വെട്ടേറ്റു

Wednesday 08 December 2021 12:03 AM IST

പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്

കഴക്കൂട്ടം: കഠിനംകുളം പുത്തൻതോപ്പിൽ പട്ടാപ്പകൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർക്ക് വെട്ടേറ്റു. കുപ്രസിദ്ധ ഗുണ്ടകളും നിരവധി കേസുകളിൽ പ്രതികളുമായ അപ്പുക്കുട്ടൻ എന്ന സച്ചു, കാള രാജേഷ് എന്ന രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.

പുത്തൻ തോപ്പിലെ എച്ച്.എൻ ചിക്കൻ സ്റ്റാ‍ൾ ജീവനക്കാരനും അസാം സ്വദേശിയുമായ അമീർ, സ്ഥാപനത്തിന്റെ മുതലാളി ഹസൻ (52), പുത്തൻതോപ്പ് സർക്കാർ ആശുപത്രിക്ക് സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന ചിറ്റു നെൽസൺ, ബൈക്ക് യാത്രികനായ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്. അമീറും, വൈശാഖും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലും ചിറ്റു, ഹസൻ എന്നിവർ പുത്തൻതോപ്പ് ആശുപത്രിയിലും ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഗുണ്ടകൾ ആദ്യം ചിക്കൻ സ്റ്റാളിൽ അതിക്രച്ച് കയറി ജീവനക്കാരനെ കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ അമീർ ഓടി രക്ഷപ്പെട്ടതോടെ ഗുണ്ടകൾ കടയിലുണ്ടായിരുന്ന 5,​000 രൂപ കൈക്കലാക്കിയ ശേഷം കട പൂട്ടിയെടുത്തു. ഇതിനുശേഷമാണ് പുത്തൻതോപ്പ് ആശുപത്രിക്ക് മുന്നിലുള്ള ചിറ്റുവിന്റെ കടയിലെത്തി പണം ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെ ആക്രമണം നടത്തുകയായിരുന്നു.

സംഭവമറിഞ്ഞ് കോഴിക്കട നടത്തിപ്പുകാരനായ ഹസൻ സ്ഥലത്തെത്തി കടയുടെ താക്കോൽ ആവശ്യപ്പെട്ടപ്പോഴാണ് ഗുണ്ടകൾ ഇയാളെ വെട്ടിപ്പരിക്കേല്പിച്ചത്. ഇതിനുശേഷം സമീപത്തെ ശോഭനയുടെ കടയിലെത്തി പണം ചോദിച്ചു. കൊടുക്കാതെ വന്നതോടെ കടയിലുണ്ടായിരുന്ന രണ്ട് വാഴക്കുല വെട്ടി താഴെയിട്ടു. പിന്നാലെയാണ് അതുവഴി വന്ന ബൈക്ക് യാത്രികനെ തടഞ്ഞുനിറുത്തി താടിയിൽ വെട്ടുകയും വാഹനം വെട്ടിപ്പൊളിക്കുകയും ചെയ്‌തത്. സംഭവമറിഞ്ഞ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.