കുട്ടികൾക്ക് ഡി.ഇ.ഐ.സി വഴിയുള്ള മരുന്നുകൾ: കൂടുതൽ ദിവസത്തേക്ക് നൽകണമെന്ന് ആവശ്യം

Wednesday 08 December 2021 12:08 AM IST

തൃശൂർ: കുട്ടികളുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നങ്ങളെയും വൈകല്യങ്ങളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നൽകുന്നതിന്റെ ഭാഗമായി ജില്ലാ ഏർളി ഇന്റർവെൻഷൻ സെന്റർ (ഡി.ഇ.ഐ.സി) വഴി നൽകുന്ന പ്രതിരോധ മരുന്നുകൾ കൂടുതൽ സമയത്തേക്ക് നൽകണമെന്ന് ആവശ്യം.

ഒരു മാസത്തേക്കുള്ള മരുന്ന് നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. 15 ദിവസത്തേക്ക് മാത്രമാണ് ഇപ്പോൾ മരുന്ന് നൽകുന്നത്. മറ്റ് ജില്ലകളിൽ ഒരു മാസത്തേക്ക് മരുന്ന് നൽകുന്നുണ്ടത്രെ. ജില്ലയിൽ ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ഒരു ഡി.ഇ.ഐ.സി കേന്ദ്രം മാത്രമാണ് തൃശൂരുള്ളത്.

അതിനാൽ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ളവർക്ക്‌ പോലും രണ്ടാഴ്ച കൂടുമ്പോൾ മരുന്നിനെത്തേണ്ട അവസ്ഥയുണ്ട്. യാത്രച്ചെലവിനൊപ്പം കുട്ടികളെയും കൊണ്ടുവരേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മരുന്നുകൾക്ക് വിലക്കൂടുതലുള്ളതിനാൽ നിർദ്ധനരായവർക്ക് സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കാനാകില്ല. നൂറുകണക്കിന് പേരാണ് ഡി.ഐ.ഇ.സിയിൽ രജിസ്റ്റർ മരുന്ന് വാങ്ങുന്നത്.

മരുന്നു വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ

ഡി.ഇ.ഐ.സിയിലെ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം ലഭിച്ച ശേഷം ജില്ലാ ജനറൽ ആശുപത്രിയിൽ രേഖകൾ കാണിച്ചാൽ മാത്രമേ മരുന്ന് ലഭിക്കൂ. ജില്ലാ ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കാരുണ്യ വഴിയാണ് നൽകുന്നത്. അവിടെയും നീണ്ട വരി നിൽക്കണം. മാസത്തിൽ രണ്ട് തവണ ഇതിനായി ജോലിയും മറ്റും കളഞ്ഞ് എത്തേണ്ട സ്ഥിതിയാണെന്നും കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു.

ഡി.ഇ.ഐ.സിലെ സേവനങ്ങൾ

ജനനം മുതൽ 18 വയസ് വരെയുള്ള, വൈകല്യങ്ങളുള്ള കുട്ടികളെ ഈ സ്ഥാപനങ്ങളിലേക്കു റഫർ ചെയ്യുമ്പോൾ പീഡിയാട്രീഷ്യനും മെഡിക്കൽ ഓഫീസറും സമഗ്ര പരിശോധന നടത്തി ആവശ്യാനുസരണം സ്ഥാപനത്തിലെ വിദഗ്ദ്ധരുടെ സമീപത്തേക്ക് ചികിത്സയ്ക്കായി അയയ്ക്കുകയാണ് ചെയ്യുന്നത്.

****************

ഡി.ഐ.ഇ.സിയിലുള്ളത്

ശിശുരോഗ വിദഗ്ദ്ധർ

ഡെന്റൽ സർജൻ

ഫിസിയോതെറാപ്പിസ്റ്റ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഓഡിയോളജിസ്റ്റ്

സ്‌പെഷ്യൽ എഡ്യൂക്കേറ്റർ

ഡെന്റൽ ഹൈജിനിസ്റ്റ്

Advertisement
Advertisement