സെക്രട്ടേറിയറ്റ് പരിസരം പൂരപ്പറമ്പാക്കി കലാകാരന്മാർ

Wednesday 08 December 2021 2:46 AM IST

തിരുവനന്തപുരം: തലസ്ഥാനനഗരിയെ പൂരപ്പറമ്പാക്കി കലാകാരന്മാരുടെ അതിജീവന കലാസംഗമം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങളിൽ കലാപരിപാടികളും ഘോഷയാത്രകളും നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി ആർട്ടിസ്റ്റ് ഏജന്റ്സ് കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ (എ.എ.സി.സി) നേതൃത്വത്തിലാണ് കലാസംഗമം നടത്തിയത്.

മജീഷ്യൻ സാമ്രാജിന്റെ കണ്ണുകെട്ടിയുള്ള ജീപ്പ് റാലിയോടുകൂടി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് വിവിധ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച ഘോഷയാത്ര ആരംഭിച്ചു. 25ലധികം മാന്ത്രികർ തൊട്ടുപിന്നിൽ ബൈക്ക് റാലിയുമായെത്തി. മിമിക്രി കലാകാരന്മാരുടെ ഫിഗർഷോ, തെയ്യം, പഞ്ചാരിമേളം, കരകാട്ടം, മയിലാട്ടം, ബാൻഡ് മേളം, കെട്ടുക്കോലങ്ങൾ,​ ദേവീ - ദേവ രൂപങ്ങൾ, ഫ്ളോട്ടുകൾ, നാസിക് ഡോൽ, മാജിക് എന്നിങ്ങനെ നിരവധി കലാരൂപങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ അണിനിരന്നു.

നൃത്ത - നാടക കലാകാരന്മാർ, കാഥികർ, ഗായകർ, മജിഷ്യന്മാർ, മിമിക്രി കലാകാരന്മാർ, വാദ്യമേളക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഉത്സവങ്ങളിൽ കലാപരിപാടികൾ നടത്താൻ കളക്ടറുടെ അനുമതി വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് പിൻവലിക്കുക, ഓടാതെ കിടക്കുന്ന സമിതി വാഹനങ്ങളുടെ റോഡ് ടാക്‌സ് ഒഴിവാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കലാകാരന്മാർക്ക് 100 തൊഴിൽദിനങ്ങൾ നൽകുന്നതിനായി ബഡ്‌ജറ്റിൽ തുക വകയിരുത്തുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യം. സമ്മേളനം മജീഷ്യൻ സാമ്രാജ് ഉദ്ഘാടനം ചെയ്‌തു.

എ.എ.സി.സി സംസ്ഥാന പ്രസിഡന്റ് വയയ്ക്കൽ മധു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി, കൺവീനർ പ്രമോദ് ട്രാക്‌സ്, ട്രഷറർ എസ്. വിജയകുമാർ, കെ.ആർ. പ്രസാദ്, ഗൗതമൻ, ശ്യാംലാൽ, അജിത്ത് അയിരൂർ, ഷിബു പാർത്ഥസാരഥി, തിട്ടമംഗലം ഹരി, എ.കെ. ആനന്ദ്, മനു മങ്കൊമ്പ്, ബൈജു മണ്ണറ, ഉല്ലാസ് അഞ്ചൽ, വേണുഗോപാൽ പാലക്കാട്, കൊല്ലം സാഗർ, സുരേഷ് കുണ്ടറ, അയൂബ് ഖാൻ, എസ്.പി. പ്രവീൺ, ബിനു.വി.കമൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement